വിര്‍ജീനിയ
അമേരിക്കന്‍ താത്പര്യസംരക്ഷണത്തിനായി ലോകമെമ്പാടും എണ്ണമറ്റ കൊലകളും ഭരണ അട്ടിമറികളും നടത്തിയ കുപ്രസിദ്ധമായ അമേരിക്കന്‍ ചാരസംഘടന സിഐഎ 75 വര്‍ഷം പൂര്‍ത്തിയാക്കി. 1947 സെപ്തംബര്‍ 18ന് ദേശീയ സുരക്ഷാ നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന് ഒപ്പുവച്ചതോടെയാണ് സെന്‍ട്രല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി (സിഐഎ) ആരംഭിച്ചത്.
സോവിയറ്റ് യൂണിയന്റെ അട്ടിമറി ലക്ഷ്യമിട്ടാണ് അമേരിക്ക ഏജന്‍സി രൂപീകരിച്ചത്. ലാറ്റിനമേരിക്കമുതല് ആഫ്രിക്കവരെയും മധ്യപൂര്വേഷ്യമുതല് തെക്കുകിഴക്കന്‍ ഏഷ്യ വരെയുമുണ്ടായിട്ടുള്ള അട്ടിമറിയിലും ഭരണമാറ്റത്തിലും കൊലപാതകങ്ങളിലും സിഐഎയ്ക്ക് നിര്‍ണായക പങ്കുണ്ട്. വിപ്ലവനക്ഷത്രങ്ങളായ ഫിദല്‍ കാസ്ട്രോ, റൗള്‍ കാസ്ട്രോ, ചെഗുവേര എന്നിവരെ അടിച്ചമര്‍ത്താന്‍ സിഐഎ നടത്തിയ ശ്രമങ്ങള്‍ ചാരസംഘടനയെ പരിഹാസ്യരാക്കി. കാസ്ട്രോയെ സിഐഎ വധിക്കാന്‍ ശ്രമിച്ചത് 638 തവണ. ചെഗുവേരയെ സിഐഎയാണ് കൊലപ്പെടുത്തിയത്.വാര്‍ഷികത്തിന്റെ ഭാഗമായി സിഐഎ ചില രേഖകള്‍ പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.
ചോരപുരണ്ട ചരിത്രം
ലോകത്തെ അമേരിക്കയുടെ വരുതിയിൽ നിർത്താൻ സർക്കാരുകളെ അട്ടിമറിക്കൽമുതൽ രാഷ്ട്രത്തലവന്മാരെയും രാഷ്ട്രീയ നേതൃത്വത്തിനെയും കൊല്ലുന്നതടക്കമുള്ള പ്രവർത്തനങ്ങളാൽ കുപ്രസിദ്ധമാണ് സിഐഎയുടെ പിന്നിട്ട 75 വർഷം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങൾ, മനുഷ്യാവകാശ ലംഘനം നടത്തുന്നവരുമായും കുറ്റവാളികളുമായും അടുത്ത ബന്ധം, തട്ടിക്കൊണ്ടുപോകൽ, പീഡിപ്പിക്കൽ എന്നിവയ്ക്ക് സിഐഎ സ്ഥിരം പ്രതിസ്ഥാനത്താണ്.
ശീതയുദ്ധകാലത്ത് സിഐഎ കിഴക്കൻ യൂറോപ്പിലും സോവിയറ്റ് യൂണിയനിലും രഹസ്യാന്വേഷണത്തിനായി മുൻ നാസികളെപ്പോലും നിയോഗിച്ചു. ലാറ്റിനമേരിക്കയിൽ സാധാരണക്കാരെ കൊന്നൊടുക്കിയതിനെ 1990കളുടെ മധ്യത്തിൽ സെനറ്റർ റോബർട്ട് ടോറിസെല്ലിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തെ തുടർന്ന് സിഐഎ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായി.
ലോകത്തെ ഏറ്റവും വലിയ രഹസ്യാന്വേഷണ ഏജൻസിയാണെന്ന് ഊറ്റം കൊള്ളുന്ന സിഐഎ രാജ്യസുരക്ഷയുടെ കാര്യത്തിൽ പരാജയപ്പെട്ട സംഭവങ്ങളും നിരവധി. 2001ലെ വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ ആക്രമണം ഏറ്റവും വലിയ ഉദാഹരണം. 19 അൽ ഖായ്ദ ഭീകരർ നാല് വിമാനം റാഞ്ചി നടത്തിയ ആക്രമണം അമേരിക്കയുടെ സാമ്പത്തിക, സൈനിക പ്രതാപത്തിനേറ്റ കനത്ത തിരിച്ചടിയായി. ക്യൂബയ്ക്കു മുന്നില്‍ സിഐഎ തോറ്റോടിയതും ചരിത്രം. രാജ്യത്തെ കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കാൻ നടത്തിയ സിഐഎ നടത്തിയ നിഴല്‍ യുദ്ധങ്ങളെല്ലാം ക്യൂബ ചെറുത്തു.
താൽപ്പര്യത്തിന് വഴങ്ങാത്ത രാജ്യങ്ങളിൽ ഭരണം അട്ടിമറിച്ച് പാവ സർക്കാർ സ്ഥാപിക്കുന്നതും സിഐഎയുടെ രീതി. 1948ൽ ഇറ്റലിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർടിയെ തോൽപ്പിക്കാൻ വലത് പാർടികൾക്ക് സാമ്പത്തിക സഹായം നൽകിയാണ് അട്ടിമറികൾക്ക് തുടക്കമിട്ടത്. സിഐഎ സ്ഥാപിച്ച് ആറു മാസത്തിനകമായിരുന്നു അത്. സിറിയ, അൽബേനിയ, ഇറാൻ, ബ്രസീൽ, ബൊളീവിയ, കംബോഡിയ, ഇറാഖ്, അർജന്റീന, ചിലി തുടങ്ങിയ നിരവധി രാജ്യങ്ങളിലെ ഭരണത്തെ സിഐഎ അട്ടിമറിച്ചു. കൊറിയ, വിയറ്റ്നാം, കൊസോവ, ഇറാഖ്, വിയറ്റ്നാം യുദ്ധങ്ങൾക്കു പിന്നിലും അമേരിക്കൻ താൽപ്പര്യങ്ങളായിരുന്നു.
താലിബാന്റെ സ്രഷ്ടാവ്
അഫ്ഗാനില്‍ നജീബുള്ളയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക നടത്തിയ നീക്കത്തിന്റെ ഉൽപ്പന്നമാണ് ഭീകരസംഘടനയായ താലിബാൻ. നജീബുള്ള സർക്കാരിന് സോവിയറ്റ് യൂണിയന്റെ പിന്തുണയുണ്ടായിരുന്നു എന്നതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. സിഐഎ ഓപ്പറേഷൻ സൈക്ലോൺ രൂപീകരിച്ചു. 600 കോടി ഡോളറാണ് അമേരിക്ക ഇതിനായി ചെലവഴിച്ചത്.
(റിസേര്‍ച്ച് ഡെസ്ക്)