തിരുവനന്തപുരം
മയക്കുമരുന്ന് കേസുകളിൽ പ്രതികൾക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കാൻ മുൻകാല കുറ്റകൃത്യങ്ങൾകൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻഡിപിഎസ് നിയമത്തിലെ 31, 31എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പുവരുത്താനാണിത്. കാപ്പ രജിസ്റ്റർ മാതൃകയിൽ ലഹരിക്കടത്തുകാരുടെ ഡാറ്റാബാങ്ക് തയ്യാറാക്കും. ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടിയുണ്ടാകും. ഇക്കാര്യങ്ങൾ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. വരുംദിവസങ്ങളിൽ ഇതിനായുള്ള സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കും.
എൻഡിപിഎസ് നിയമത്തിൽ 34–-ാം വകുപ്പ് പ്രകാരം കുറ്റകൃത്യം ആവർത്തിക്കുകയില്ലെന്ന ബോണ്ട് വയ്പിക്കും. ട്രെയിനുകൾ വഴിയുള്ള കടത്തുതടയാൻ ഡോഗ് സ്ക്വാഡ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കും. സ്കൂളുകളിലും പരിസരത്തുള്ള കടകളിലും ലഹരിവസ്തുക്കൾ വിറ്റാൽ അടപ്പിക്കും. അതിർത്തികളിലും പരിശോധന കർശനമാക്കും.
ലഹരിമൂലമുള്ള ശാരീരിക, മാനസിക ആരോഗ്യപ്രശ്നങ്ങൾ, സാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി വിദ്യാർഥികൾക്ക് പരിശീലനം സംഘടിപ്പിക്കും. വിമുക്തി മിഷനും എസ്സിഇആർടിയും ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകളാണ് ഉപയോഗിക്കുക. വ്യാപാരസ്ഥാപനങ്ങളിൽ ലഹരിപദാർഥങ്ങൾ വിൽപ്പന നടത്തുന്നില്ലെന്ന ബോർഡ് പ്രദർശിപ്പിക്കണം. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, വിലാസം എന്നിവ ഇതിൽ ഉണ്ടാകണം. എക്സൈസ് ഓഫീസുകളിൽ കൺട്രോൾ റൂം ആരംഭിക്കും. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതികൾ പ്രവർത്തിക്കും. മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പു മന്ത്രി സഹാധ്യക്ഷനും മറ്റുമന്ത്രിമാർ അംഗങ്ങളായും സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈവർഷം 16,986 കേസ്; 18,743 അറസ്റ്റ്
സംസ്ഥാനത്ത് ലഹരി ഉപയോഗത്തിന് ഈവർഷം 16,986 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 18,743 പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരിവിൽപ്പനയ്ക്കെതിരെ കർശന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. 2020ൽ 4650ഉം 2021ൽ 5334ഉം കേസാണ് രജിസ്റ്റർ ചെയ്തത്. 2020ൽ 5674 പേരെയും 2021ൽ 6704 പേരെയും അറസ്റ്റ് ചെയ്തു. 1364.49 കിലോഗ്രാം കഞ്ചാവും 7.7 കിലോ എംഡിഎംഎയും 23.73 കിലോ ഹാഷിഷ് ഓയിലും ഈ വർഷം പിടിച്ചെടുത്തു.