തിരുവനന്തപുരം
ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയെ അനുഗമിക്കുന്നത് വമ്പൻ സുരക്ഷാ പട. ‘ഇസെഡ് പ്ലസ്’ വിഭാഗത്തിലുള്ള രാഹുലിന്റെ സുരക്ഷാ ചുമതല സിആർപിഎഫിനാണ്. ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചാണ് രാഹുലും അംഗരക്ഷകരും കോൺഗ്രസ് പ്രവർത്തകരും അണിചേർന്ന യാത്ര മുന്നേറുന്നത്. കമാൻഡോകൾക്ക് പുറമേ 40 സിആർപിഎഫ് അംഗങ്ങളുമുണ്ട്. സംരക്ഷണത്തിന്റെ മുഖ്യ ഉത്തരവാദിത്വം ഇവർക്കാണ്. യാത്ര കടന്നുപോകുന്നിടങ്ങൾ ഇവരുടെ പഴുതടച്ച നിരീക്ഷണത്തിലാണ്. ബുള്ളറ്റ് പ്രൂഫ് കാർ ഉൾപ്പെടെ 12 വാഹനവും പൈലറ്റ്, എസ്കോർട്ട്, ജാമർ വാഹനങ്ങളും ആംബുലൻസ്, അഗ്നിശമനസേനാ വാഹനങ്ങളും അകമ്പടിയുണ്ട്. രാഹുലും സംഘവും സഞ്ചരിക്കുന്ന കണ്ടെയ്നറുകൾ വേറെയും. തസ്കരസംഘവും ജാഥയിൽ സജീവമാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കേരള പൊലീസും സജ്ജമാണ്. ജില്ലയിൽ ചുരുങ്ങിയത് 450 പൊലീസുകാരെയെങ്കിലും നിയോഗിക്കേണ്ട സ്ഥിതിയാണ്.
വമ്പൻ സുരക്ഷാ ക്രമീകരണങ്ങളും വാഹനവ്യൂഹവും ‘ഗിമ്മിക്കുകളും’ ജനങ്ങളെ വലയ്ക്കുകയാണ്. ‘ജോഡോ അഭ്യാസവുമായി’ രാഹുലും സംഘവും നിരത്ത് നെരങ്ങുമ്പോൾ നാട്ടുകാർ വഴിയിൽ കുടുങ്ങുന്ന കാഴ്ച. തിണ്ണമിടുക്ക് കാണിക്കാൻ കെ സി വേണുഗോപാലും കെ സുധാകരനും വി ഡി സതീശനും രമേശ് ചെന്നിത്തലയും ഇറക്കുന്ന അണികളുണ്ടാക്കുന്ന തലവേദനയും ചെറുതല്ല. ഇവരെ നിയന്ത്രിക്കാൻ പലയിടത്തും വടം കെട്ടേണ്ടിവരുന്നു.
ചായതന്നെ പ്രധാന ഐറ്റം
ജോഡോ യാത്ര ജോറാക്കാൻ സുരക്ഷയുടെ കെട്ട് പൊട്ടിക്കുന്ന പതിവ് രാഹുൽ നമ്പരുകൾ ഇക്കുറിയും. സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് ചായ കുടിക്കാൻ കയറി കടക്കാർക്ക് അമ്പരപ്പ് സമ്മാനിക്കുന്നതാണ് പ്രധാന ഐറ്റം. ആനക്കുന്നിലെ തട്ടുകട, കരമനയിലെ ഹോട്ടൽ, ശ്രീരാമപുരത്തെ ഹോട്ടൽ, മേവറം ജങ്ഷനിലെ റസ്റ്റോറന്റിൽ ഉൾപ്പെടെ ഇതിനകം ‘രാഹുൽ പ്രകടനം’ അരങ്ങേറി. തിരക്കഥ അനുസരിച്ചുള്ള മറ്റിനങ്ങൾ നിശ്ചിത കേന്ദ്രങ്ങളിലും.