ന്യൂഡൽഹി
മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചാബ് മുൻമുഖ്യമന്ത്രിയുമായ അമരീന്ദർ സിങ്ങും ബിജെപിയിലേക്ക്. തിങ്കളാഴ്ച ബിജെപിയിൽ ഔദ്യോഗികമായി ചേരും.
കോൺഗ്രസ് വിട്ടശേഷം അമരീന്ദർ രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയിൽ ലയിക്കും. കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി അമരീന്ദർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. എൺപതുകാരനായ അമരീന്ദർ നട്ടെല്ലിലെ ശസ്ത്രക്രിയക്കായി ലണ്ടനിലായിരുന്നു. ഇതിന് മുമ്പുതന്നെ അമരീന്ദർ ബിജെപിയിൽ ചേരുന്ന കാര്യം തീരുമാനിച്ചിരുന്നെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ഹർജീത്ത് ഗ്രെവാൾ പറഞ്ഞു. പിസിസി മുൻ അധ്യക്ഷൻ നവ്ജ്യോത്സിങ് സിദ്ദുവുമായുള്ള ഗ്രൂപ്പുപോരിനെ തുടർന്നാണ് അമരീന്ദർ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് തെറിച്ചത്.
ബിജെപിയിലെ ‘കോൺഗ്രസ് മുഖ്യമന്ത്രിമാർ’
അമരീന്ദർകൂടി ചേരുന്നതോടെ കോൺഗ്രസ്വിട്ട് ബിജെപിയിലെത്തിയ മുന്‍ മുഖ്യമന്ത്രിമാരുടെ പട്ടിക നീളും. കർണാടകത്തിൽ എസ് ബംഗാരപ്പ, എസ് എം കൃഷ്ണ, യുപിയിൽ ജഗംദംബിക പാൽ, ഉത്തരാഖണ്ഡിൽ വിജയ് ബഹുഗുണ, എൻ ഡി തിവാരി, ഗോവയിൽ ദിഗംബർ കാമത്ത്, അരുണാചലിൽ പേമ ഖണ്ഡു, ഗുജറാത്തിൽ ശങ്കർ സിങ് വഗേല, മഹാരാഷ്ട്രയിൽ നാരായൺ റാണെ എന്നിവർ ബിജെപിയിൽ ചേക്കേറിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരാണ്.