ന്യൂഡൽഹി
ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനടക്കം നൽകിയ ഹർജികളിൽ കേന്ദ്ര സർക്കാരിനും എതിർ കക്ഷികൾക്കും സുപ്രീംകോടതി നോട്ടീസ്. ഫെബ്രുവരിയിൽ വിശദ വാദം കേൾക്കുമെന്ന് ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
ഭർത്താവിന് ബലാത്സംഗ കുറ്റത്തിൽനിന്ന് സംരക്ഷണം നൽകുന്ന ഐപിസി 375–ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിഷയത്തില്‍ തീര്‍പ്പ് കല്പിക്കണമെന്ന് മഹിളാ അസോസിയേഷനുവേണ്ടി മുതിർന്ന അഭിഭാഷക കരുണ നുണ്ടി ആവശ്യപ്പെട്ടു.
ബലാത്സംഗക്കുറ്റത്തിൽ നിന്ന് ഭർത്താവിന് സംരക്ഷണം നൽകുന്ന വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് മേയിൽ ഹെെക്കോടതി രണ്ടംഗ ബെഞ്ചിലെ ജസ്റ്റിസ് രാജീവ് ശക്ധർ നിരീക്ഷിച്ചപ്പോൾ ജസ്റ്റിസ് സി ഹരിശങ്കർ വിയോജിക്കുകയായിരുന്നു. ഭർതൃ ബാലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടെന്നാണ് കേന്ദ്രനിലപാട്.