ആലപ്പുഴ> പാണാവള്ളി നെടിയതുരുത്തിലെ കാപ്പികോ റിസോർട്ട് പൊളിക്കൽ നടപടി തുടങ്ങി. രാവിലെ 10ന് നടപടികൾ ആരംഭിച്ചു. ഘട്ടംഘട്ടമായാണ് പൊളിക്കൽ. ആദ്യം വില്ലകളാകും പൊളിച്ചുനീക്കുക. റിസോർട്ട് ഉടമകളുടെ ചെലവിലാണ് പൊളിക്കൽ. കെട്ടിടാവശിഷ്ടം പരിസ്ഥിതിക്ക് ദോഷമാകാതെ നീക്കുമെന്ന് കലക്ടർ വി ആർ കൃഷ്ണതേജ പറഞ്ഞു.
റിസോർട്ട് പൊളിക്കലിന് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് നടപടികൾ. റിസോർട്ടും അതിലെ സാധനങ്ങളുടെയും വീഡിയോ മഹസറും തയ്യാറാക്കി.
തീരദേശപരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിക്കാൻ 2020 ജനുവരിയിലാണ് സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചത്. റിസോർട്ടിന്റെ പട്ടയഭൂമിയിൽപ്പെടാത്ത രണ്ട് ഹെക്ടറിലേറെ കഴിഞ്ഞദിവസം കലക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ഏറ്റെടുത്തിരുന്നു.















