കൊച്ചി
മരണാനന്തര അവയവദാനത്തിലൂടെ സമൂഹത്തിന്റെ ഓർമയിൽ നിറഞ്ഞുനിൽക്കുന്ന വിനോദിന്റെയും അമ്പിളിയുടെയും കൈകളുമായി അമരേഷും യൂസഫും ഇനി പ്രതീക്ഷയുടെ പുതുജീവിതത്തിലേക്ക്. കൊച്ചി അമൃത ആശുപത്രിയിൽ മാസങ്ങൾക്കുമുമ്പാണ് കർണാടക സ്വദേശി അമരേഷിനും (25) ഇറാഖി പൗരനായ യൂസഫ് ഹസൻ സയിദ് അൽ സുവൈനിക്കും (29) കൈകൾ തുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ നടന്നത്. ബുധനാഴ്ച ദാതാക്കളുടെയും കൈകൾ തുന്നിച്ചേർത്തവരുടെയും കുടുംബാംഗങ്ങൾ ആശുപത്രിയിൽ ഒത്തുചേർന്നപ്പോൾ വിനോദിന്റെയും അമ്പിളിയുടെയും ചിത്രങ്ങളുമായാണ് അമരേഷും യൂസഫും എത്തിയത്. ചിത്രങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറി.
കർണാടക വൈദ്യുതി ബോർഡിൽ ഉദ്യോഗസ്ഥനായ അമരേഷിന് 2017ൽ ജോലിക്കിടയിൽ വൈദ്യുതാഘാതമേറ്റാണ് ഇരുകൈകളും നഷ്ടമായത്. ഇടതുകൈ തോളിനോടുചേർന്നും വലതുകൈ കൈമുട്ടിന്റെ ഭാഗത്തുവച്ചും മുറിച്ചുമാറ്റേണ്ടിവന്നു. കേരള നെറ്റ്വർക് ഫോർ ഓർഗൻ ഷെയറിങ് വഴി 2018 സെപ്തംബറിൽ അമരേഷ് രജിസ്റ്റർ ചെയ്തിരുന്നു. വാഹനാപകടത്തിൽ ജനുവരി നാലിന് മസ്തിഷ്കമരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിന്റെ ബന്ധുക്കൾ അമരേഷിന് കൈകൾ നൽകാൻ സമ്മതിച്ചു. ജനുവരി അഞ്ചിന് പത്തുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ വിനോദിന്റെ കൈകൾ അമരേഷിന്റെ ശരീരത്തിൽ തുന്നിച്ചേർത്തു. ഏഷ്യയിൽ ആദ്യമായാണ് തോൾഭാഗംമുതൽ കൈ തുന്നിച്ചേർക്കുന്നതെന്ന് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു. ഫിസിയോതെറാപ്പി തുടരുകയാണ്.
നിർമ്മാണത്തൊഴിലാളിയായ ബാഗ്ദാദ് സ്വദേശി യൂസഫിനും ജോലിക്കിടെ അപകടത്തിലാണ് കൈകൾ നഷ്ടമായത്. ഇരുകൈകളും കൈമുട്ട് ഭാഗത്തുനിന്ന് മുറിച്ചുമാറ്റി. ഡോക്ടർമാരിൽനിന്നാണ് കേരളത്തെക്കുറിച്ചും അമൃത ആശുപത്രിയെക്കുറിച്ചും അറിഞ്ഞത്. ഫെബ്രുവരി രണ്ടിന് വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച അമ്പിളിയുടെ കൈകൾ 16 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ യൂസഫിന്റെ ശരീരത്തിൽ തുന്നിച്ചേർത്തു. യൂസഫിനും ഫിസിയോതെറാപ്പി തുടരുകയാണ്. കൈകൾ തുന്നിച്ചേർക്കുന്ന 11 ശസ്ത്രക്രിയകൾ ഇതുവരെ വിജയകരമായി പൂർത്തിയാക്കിയതായും ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു.
ഇറാഖി സ്വദേശി യൂസഫ് ഹസൻ സയിദ് അൽ സുവൈനിയിൽ തുന്നിച്ചേർത്ത തന്റെ അമ്മ അമ്പിളിയുടെ കൈകളിൽ ചുംബിക്കുന്ന മകൻ അനന്തു. അമ്പിളിയുടെ ഭർത്താവിന്റെ അമ്മ വത്സലകുമാരി സമീപം
ഇനിയും കല്ലെറിയരുത്…
‘‘അവയവങ്ങൾ ദാനം ചെയ്ത ഒരു വ്യക്തിയുടെ ബന്ധുക്കളും ഇനി പഴി കേൾക്കാൻ ഇടവരരുത്. എന്റെ കുടുംബത്തെ രണ്ടു പതിറ്റാണ്ടിലധികം അന്നമൂട്ടിയ കൈകളാണിത്. അദ്ദേഹത്തിന്റെ മരണശേഷം ഈ കൈകൾ എനിക്ക് കാണാനെങ്കിലുമായല്ലോ’’–- പൊട്ടിക്കരഞ്ഞ്, അമരേഷിൽ തുന്നിച്ചേർത്ത ഭർത്താവിന്റെ കൈയിൽ തലോടി സുജാത പറഞ്ഞു.
വാഹനാപത്തിൽ മരിച്ച ഭർത്താവ് വിനോദിന്റെ അവയവങ്ങൾ വിറ്റ് കോടികൾ വാങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് സഹിക്കാവുന്നതിലും അപ്പുറമാണ് –- സുജാത പറഞ്ഞു. വിനോദിന്റെ മരണം നൽകിയ വേദനയിലും അദ്ദേഹത്തിന്റെ ഏഴ് അവയവങ്ങൾ ദാനം ചെയ്യാൻ സുജാത തയ്യാറായി. ആർക്കൊക്കെയാണ് നൽകിയതെന്ന് അറിയില്ല. അമൃത ആശുപത്രിയിൽനിന്ന് വിളിച്ചപ്പോഴാണ് കർണാടകം സ്വദേശി അമരേഷിനാണ് കൈകൾ തുന്നിച്ചേർത്തതെന്ന് അറിയുന്നത്. ആ കൈകളെ ഒരിക്കൽക്കൂടി ചേർത്തുപിടിക്കാൻ ഓടിയെത്തിയതാണ്. മറ്റ് അവയവങ്ങൾ നൽകിയത് ആർക്കൊക്കെയാണെന്ന് അറിഞ്ഞാൽക്കൊള്ളാമെന്ന് അമൃത ആശുപത്രി സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരോട് സുജാത പറഞ്ഞു. അവയവദാനത്തിന്റെ മൂല്യം അറിയാത്തവർ പറയുന്ന കള്ളപ്രചാരണങ്ങൾ തള്ളണമെന്ന് ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു.
സുജാതയ്ക്കൊപ്പം മകൾ നീതു, നീതുവിന്റെ മകൻ ഇഷാൻ, സുജാതയുടെ സഹോദരൻ സജീവ്, ഭാര്യ പ്രസന്ന എന്നിവരും എത്തിയിരുന്നു. യൂസഫിന് കൈകൾ ദാനം നൽകിയ അമ്പിളിയുടെ മകൻ അനന്തു, ഭർത്താവ് ശിവപ്രസാദിന്റെ അമ്മ വത്സലകുമാരി എന്നിവരാണ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്. അമ്പിളിയുടെ മകൾ അഖില ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഏഴാം ക്ലാസ് വിദ്യാർഥി അനന്തുവും സ്കൂട്ടറിൽ ഉണ്ടായിരുന്നു. ശിവപ്രസാദ് വിദേശത്തായതിനാൽ അമ്പിളിയുടെ മരണശേഷം മക്കളായ അനന്തുവിനും അഖിലയ്ക്കും അമ്മൂമ്മ വത്സലകുമാരിയാണ് തുണ.
അമരേഷിൽ തുന്നിച്ചേർത്ത ഭർത്താവ് വിനോദിന്റെ കൈകളിൽ ചുംബിക്കുന്ന ഭാര്യ സുജാത. മകൾ നീതു സമീപം