കൊച്ചി
വീടുകളിൽ പാചകാവശ്യത്തിന് ചെലവുകുറഞ്ഞതും സുരക്ഷിതവുമായ പ്രകൃതിവാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയിലേക്ക് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളും. ഇരുജില്ലകളിലുമായി 3000 വീടുകളിൽ നൽകിയ പ്രകൃതിവാതക കണക്ഷനുകൾ അടുത്തമാസം കമീഷൻ ചെയ്യും. ഇതോടെ സംസ്ഥാനത്തെ 10 ജില്ലകളിലായി അമ്പതിനായിരത്തോളം വീടുകൾ പാചകത്തിന് പ്രകൃതിവാതകം ഉപയോഗിക്കുന്നവയായി മാറും.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് സിറ്റി ഗ്യാസ് പൈപ്പുലൈനുകൾ സ്ഥാപിക്കാനുള്ളത്. മറ്റിടങ്ങളിൽ പൈപ്പുലൈനുകൾ സ്ഥാപിച്ച് ഗാർഹിക കണക്ഷനുകൾ നൽകുകയോ അതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയോ ചെയ്തു. കിഴക്കൻ ജില്ലകളിലേക്ക് ഗെയിൽ പൈപ്പുലൈൻ സ്ഥാപിക്കൽ പൂർത്തിയായാലുടൻ ഗാർഹിക കണക്ഷനുകൾ നൽകാനാകും. ഫാക്ട് കൊച്ചിൻ ഡിവിഷനിൽനിന്നാണ് പൈപ്പുലൈൻ പോകുക. ഷോള ഗ്യാസ്കോയാണ് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഗാർഹിക കണക്ഷൻ വിതരണശൃംഖല സ്ഥാപിക്കാൻ കരാറെടുത്തിട്ടുള്ളത്. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഈവർഷമാണ് ഈ കരാർ നൽകിയത്. എട്ടുവർഷത്തിനുള്ളിൽ മൂന്നു ജില്ലകളിലായി 10 ലക്ഷം കണക്ഷനുകൾ നൽകുകയാണ് ലക്ഷ്യം.
തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ എജി ആൻഡ് പിയാണ് സിറ്റി ഗ്യാസ് പൈപ്പുലൈനുകൾ സ്ഥാപിച്ചത്. കൊല്ലം ജില്ലയിലും പൈപ്പ് സ്ഥാപിക്കൽ നടക്കുന്നു. വരുന്ന അഞ്ചുവർഷത്തിനിടെ ഈ മൂന്നു ജില്ലകളിലായി 18 ലക്ഷം കണക്ഷനുകളാണ് നൽകുക. തൃശൂർ ജില്ലയിൽ ഗാർഹിക കണക്ഷനുകൾ തയ്യാറായെങ്കിലും ചില സാങ്കേതികതടസ്സങ്ങൾമൂലം കമീഷനിങ് വൈകുകയാണ്. വയനാട്ടിലേക്ക് പ്രധാന പൈപ്പുലൈൻ സ്ഥാപിക്കേണ്ടതുണ്ട്.
സിറ്റി ഗ്യാസ് ആദ്യമെത്തിയ എറണാകുളം ജില്ലയിൽ കണക്ഷനുകളുടെ എണ്ണം ഈവർഷം അവസാനത്തോടെ കാൽലക്ഷത്തിലേറെയാകും. കളമശേരി, തൃക്കാക്കര നഗരസഭകൾക്കുപുറമെ ഏലൂർ, തൃപ്പൂണിത്തുറ നഗരസഭകളിലും കൊച്ചി കോർപറേഷനിലെ ആറ് ഡിവിഷനുകളിലും ഈ വർഷംതന്നെ സിറ്റി ഗ്യാസ് എത്തും. ഇന്ത്യൻ ഓയിൽ–-അദാനി ഗ്യാസ് ആണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും പരീക്ഷണാടിസ്ഥാനത്തിൽ സിറ്റി ഗ്യാസ് കണക്ഷനുകൾ നൽകിയതായി ഗെയിൽ അധികൃതർ പറഞ്ഞു.