മണ്ണാര്ക്കാട്> അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആള്ക്കൂട്ട മര്ദ്ദനത്തെതുടര്ന്ന് കൊല്ലപ്പെട്ട കേസില് ബുധനാഴ്ച വിസ്തരിച്ച രണ്ട് സാക്ഷികള് കൂടി കൂറ് മാറി. ഇതോടെ കേസില് മൊത്തം 16 സാക്ഷികള് കൂറ് മാറി. ബുധനാഴ്ച 29 മുതല് 31 വരെയുള്ള സാക്ഷികളെയാണ് വിസ്തരിക്കാന് തീരുമാനിച്ചത്.
30-ാം സാക്ഷി താജുദ്ധീന് മരണപ്പെട്ടിരുന്നു. മറ്റു രണ്ട് പേരുടെ വിസ്താരമാണ് ബുധനാഴ്ച നടന്നത്. വനം വകുപ്പ് താല്ക്കാലിക വാച്ചറും 29-ാം സാക്ഷിയുമായ സുനില്കുമാര് (വാവ—35 ), 31-ാം സാക്ഷി ദീപു (31 ) എന്നിവരാണ് കൂറ് മാറിയത്.കൂറ് മാറിയ സുനില്കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാന് മണ്ണാര്ക്കാട് എസ്സി, എസ്ടി പ്രത്യേക കോടതി ജഡ്ജി കെഎം രതീഷ്കുമാര് ഉത്തരവിട്ടു.ഇതിനെതുടര്ന്ന് ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി.
വീഡിയോ ദൃശ്യങ്ങള് കാണിച്ചപ്പോള് തെളിയുന്നില്ല എന്ന് മറുപടി പറഞ്ഞതിനെതുടര്ന്നാണ് പരിശോധനയ്ക്ക് അയച്ചത്. റിപ്പോര്ട്ട് കിട്ടയശേഷം കോടതി മറ്റ് നടപടികളിലേക്ക് നീങ്ങും.മധുവിനെ ഒരു സംഘമാളുകള് കൂട്ടി കൊണ്ടുവരുന്നതും മൊബൈലില് ദൃശ്യങ്ങള് പകര്ത്തുന്നതും കൈ കെട്ടിയതും കാല് കൊണ്ട് മുട്ട് മടക്കി ഇടിക്കുന്നതും കണ്ടുവെന്ന് മൊഴി നല്കിയ സാക്ഷിയാണ് സുനില്കുമാര്. ഇക്കാര്യം സുനില്കുമാര് കോടതിയില് നിഷേധിച്ചു.
പ്രതികളുടെ പേരുകള് വായിച്ചപ്പോള് എല്ലാവരെയും അറിയുമെന്നു പറഞ്ഞ സുനില്കുമാര് പ്രതികൂട്ടില് നില്ക്കുന്നവരെ തിരിച്ചറിയാന് കഴിയുന്നില്ലെന്ന് പറഞ്ഞു. പ്രോസിക്യൂഷന് കോടതിയില് പ്രദര്ശിപ്പിച്ച സിസിടിവി ദൃശ്യങ്ങള് കാണാന് കഴിയുന്നില്ലെന്നും, വെളിച്ചം മാത്രമാണ് കാണുന്നതെന്നും പറഞ്ഞതിനെ തുടര്ന്നാണ് കാഴ്ച പരിശോധിക്കാന് കോടതി ഉത്തരവിട്ടത്.മണ്ണാര്ക്കാട് താലൂക്ക് ആശുപത്രിയില് നേത്ര വിദഗ്ദ്ധന് ഇല്ലാത്തതിനാലാണ് ജില്ല ആശുപത്രിയിലെത്തിച്ചത്.
31-ാം സാക്ഷി ദീപുവും പ്രതികള് മധുവിനെ പിടിച്ചുകൊണ്ടുവരുന്നതും,കാല് മുട്ട് കൊണ്ട് ഇടിക്കുന്നതും കണ്ടുവെന്നും മൊഴി കൊടുത്ത സാക്ഷിയാണ്. എന്നാല് കോടതിയില് ഇയാളും നേരത്തേയുള്ള മൊഴി നിഷേധിച്ചു. സാക്ഷി വിസ്താരം വ്യാഴാഴ്ചയും തുടരും. 32 മുതല് 35 വരെയുള്ള സാക്ഷികളെ വിസ്തരിക്കും.