ന്യൂഡൽഹി> എല്ലാ ടെലികോം സേവന ദാതാക്കളും 30 ദിവസത്തെ കാലാവധിയിൽ മൊബൈൽഫോൺ റീച്ചാർജ് പ്ലാനുകൾ നൽകണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി. ട്രായ് നിർദേശം വന്നതിനുപിന്നാലെ പ്രധാന ടെലികോം കമ്പനികൾ 30 ദിവസം കാലാവധിയുള്ള റീച്ചാർജ് പ്ലാനും എല്ലാ മാസവും ഒരേ രീതിയിൽ പുതുക്കാവുന്ന റീച്ചാർജ് പ്ലാനും അവതരിപ്പിച്ചു.
ഇതുവരെ ഗുണഭോക്താവിന് പ്രതിമാസ റീച്ചാർജായി ലഭിച്ചിരുന്ന കാലാവധി 28 ദിവസമായിരുന്നു. ഈ രീതിയിൽ റീച്ചാർജ് ചെയ്യുമ്പോൾ ഒരു വർഷം 13 മാസം റീച്ചാർജ് ചെയ്യേണ്ടി വരും. ഇത് കൂടുതൽ പണം ഈടാക്കാനുള്ള കമ്പനികളുടെ വളഞ്ഞ വഴിയാണെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് വിഷയത്തിൽ ട്രായ് ഇടപെട്ടത്.