ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ഒരു വർഷം നായയുടെ കടിയേറ്റ് 20,000 പേർ മരിക്കുന്നുണ്ട്. ലോകത്ത് പേവിഷബാധയേറ്റ് മരിക്കുന്നവരിൽ 36 ശതമാനവും ഇന്ത്യയിലാണ്. തമിഴ്നാട്ടിൽ വർഷം ശരാശരി 200 പേരാണ് നായയുടെ കടിയേറ്റ് മരിക്കുന്നത്. എന്നാൽ, കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ മരിച്ചത് 201 പേരാണ്. ഈ വർഷം ഇതുവരെ 21 പേരും. ആരോഗ്യ, തദ്ദേശഭരണ, മൃഗസംരക്ഷണ വകുപ്പുകളുടെ പ്രവർത്തനമാണ് കേരളത്തിന് രക്ഷയാകുന്നത്.
പേവിഷബാധയ്ക്കെതിരെ മൂന്ന് തലത്തിലാണ് സർക്കാർ ഇടപെടൽ.
തെരുവുനായകളുടെ വന്ധ്യംകരണവും വാക്സിനേഷനുമാണ് ഒന്ന്. ഇതിനായി കുടുംബശ്രീ വഴി എബിസി (അനിമൽ ബെർത്ത് കൺട്രോൾ) നടപ്പാക്കിയിരുന്നു. ഹൈക്കോടതി വിധിയെത്തുടർന്ന് ഇത് നിർത്തലാക്കി. എന്നാൽ, ഇനി എല്ലാ ജില്ലയിലും എബിസി കേന്ദ്രങ്ങൾ ആരംഭിക്കും. വളർത്തുമൃഗങ്ങൾക്ക് വാക്സിൻ ഉറപ്പാക്കലാണ് മറ്റൊന്ന്. നായയുടെ കടിയേറ്റവർക്കുള്ള വാക്സിനേഷനും ആന്റി ഗ്ലോബുലിൻ ഇഞ്ചക്ഷനും മറ്റ് ചികിത്സയും ആരോഗ്യവകുപ്പ് നേരിട്ട് നടത്തുന്നു.
ആധുനിക എബിസി സെന്ററുകൾ
ശീതീകരിച്ച ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ആൻഡ് പ്രീ ഓപ്പറേഷൻ കെയർ യൂണിറ്റ്, പത്ത് നായകളുടെ ഓപ്പറേഷന് 50 ഷെൽട്ടർ, വെജിറ്റേറിയൻ ഭക്ഷണം, അണ്ഡാശയം സൂക്ഷിക്കാൻ പ്രത്യേക സംവിധാനം, റെക്കോഡ് ചെയ്യാൻ സിസിടിവി, മോണിറ്ററിങ് കമ്മിറ്റിയുടെ നിരീക്ഷണം… കേരളത്തിൽ എബിസി പദ്ധതിക്കായി തദ്ദേശഭരണവകുപ്പ് ഒരുക്കുന്നത് ആധുനിക സംവിധാനമാണ്. 37 എബിസി സെന്ററാണ് ആദ്യഘട്ടത്തിൽ ഒരുങ്ങിയത്. ശേഷിക്കുന്നവയുടെ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. നായക്കുഞ്ഞുങ്ങളെയും ഇവിടെ വന്ധ്യംകരിക്കും.
25,000 വാക്സിൻ ക്യാമ്പ്
വളർത്തുനായകളിൽ വാക്സിനേഷൻ പൂർത്തിയാക്കാൻ തദ്ദേശഭരണവകുപ്പിന്റെ സഹായത്തോടെ നടത്തുന്നത് 25,000 വാക്സിൻ ക്യാമ്പ്. സന്നദ്ധ സംഘടകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയുടെ സഹായത്തോടെ വാർഡ് അടിസ്ഥാനത്തിലാണ് ക്യാമ്പ്. 30 രൂപ മാത്രമാണ് ഈടാക്കുക.
ചികിത്സയ്ക്ക് 573 കേന്ദ്രം സജ്ജം
നായയുടെ കടിയേറ്റാൽ വാക്സിൻ നൽകുന്നതിനും ഇമ്യൂണോ ഗ്ലോബുലിൻ നൽകുന്നതിനും ആരോഗ്യവകുപ്പ് വിപുലമായ സംവിധാനം ഒരുക്കി. തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം എല്ലാ സർക്കാർ ആശുപത്രിയിലും വാക്സിനേഷനുള്ള സൗകര്യമുണ്ട്. സർക്കാർ മെഡിക്കൽ കോളേജ്, തെരഞ്ഞെടുത്ത ജില്ലാ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ ഇമ്യൂണോ ഗ്ലോബുലിൻ ലഭിക്കും. ഇത്തരം 43 കേന്ദ്രമാണുള്ളത്.
26,000 വയൽ ആന്റി റാബീസ് വാക്സിൻ (ഐഡിആർവി) കേരളം ശേഖരിച്ചിട്ടുണ്ട്. 20,000 വയൽ ഇമ്യൂണോ ഗ്ലോബുലിനും. കൂടുതൽ വാക്സിന് കെഎംഎസ്സിഎൽ ഓർഡർ നൽകിയിട്ടുണ്ട്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 2800 പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിൽ അടിയന്തര പരിശീലനം നൽകും. 20 പേരടങ്ങുന്ന 10 സംഘമായി ജില്ലയിൽ 200 പേർക്കാണ് പരിശീലനം. നഴ്സിങ് അസിസ്റ്റന്റുമാർക്കും അടുത്തദിവസങ്ങളിൽ സംഘടിപ്പിക്കും.
വാക്സിൻ ഗുണമേന്മ വിവാദം
കേരളത്തിൽ വിതരണം ചെയ്യുന്ന വാക്സിൻ ഗുണമേന്മ കുറഞ്ഞതാണെന്ന ആരോപണത്തോട് ആരോഗ്യമേഖലയിലെ പല വിദഗ്ധരും യോജിക്കുന്നില്ല. ഈ വർഷം നായയുടെ കടിയേറ്റ് മരിച്ച 21 ൽ ആറുപേരാണ് വാക്സിൻ എടുത്തത്. ഇതിൽ അവസാനം മരിച്ച അഭിരാമിയുടെ ശരീരത്തിൽ ആന്റി ബോഡി കണ്ടെത്തി. ഇവർക്ക് കൺപോളയിലേറ്റ കടിയാണ് മരണകാരണമെന്ന നിഗമനത്തിലാണ് ഡോക്ടർമാർ. വാക്സിൻ വഴിയുള്ള ആന്റിബോഡി ഉൽപ്പാദിപ്പിക്കുംമുമ്പേ റാബീസ് വൈറസ് തലച്ചോറിൽ എത്തിക്കാണുമെന്നാണ് വിദഗ്ധാഭിപ്രായം. പാലക്കാട് മങ്കരയിൽ മരിച്ച ശ്രീലക്ഷ്മിയെ കടിച്ച നായ വീട്ടുടമയെ രണ്ട് തവണ കടിച്ചിരുന്നു. വാക്സിൻ എടുത്ത ഇവർക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. ഇതൊക്കെയാണെങ്കിലും വിദഗ്ധസമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.
(അവസാനിച്ചു)