തിരുവനന്തപുരം
തെരുവുനായശല്യം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടർ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങിയ നാലംഗ കമ്മിറ്റി രൂപീകരിച്ചു. ആഴ്ചയിലൊരിക്കൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കലക്ടർമാരുടെയും യോഗത്തിനുശേഷം തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപനവും ദിവസവും റിപ്പോർട്ട് നൽകണം. വാക്സിനേഷൻ പുരോഗതി, എബിസി കേന്ദ്രം സജ്ജമാക്കൽ എന്നിവ അറിയിക്കണം. മാലിന്യം തെരുവിൽ വലിച്ചെറിയുന്നത് കർശനമായി തടയാൻ ഹോട്ടൽ, അറവുശാലാ വ്യാപാരികൾ, ജനപ്രതിനിധികൾ എന്നിവരുടെ അടിയന്തര യോഗം വിളിക്കും. തെരുവ് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന നിർമാർജനം ചെയ്യാനും യോഗത്തിൽ തീരുമാനമായതായി മന്ത്രി രാജേഷ് പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളിൽ നിയോജകമണ്ഡലം തലത്തിൽ യോഗംകൂടി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. ഇതുസംബന്ധിച്ച് എല്ലാ എംഎൽഎമാർക്കും കത്തയച്ചു.
സംസ്ഥാനത്തെ അക്രമകാരികളായ തെരുവ് നായകളുള്ള സ്ഥലങ്ങളുടെ ഹോട്ട്സ്പോട്ട് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവിടങ്ങൾക്ക് പ്രാധാന്യം നൽകിയായിരിക്കും വാക്സിനേഷൻ നടപടികൾ നടപ്പാക്കുക. തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാമുരളീധരനും പങ്കെടുത്തു.