ന്യൂഡൽഹി
മരുന്നുകളുടെ വില, ഗുണനിലവാരം, സുരക്ഷിതമായ ഉപയോഗം എന്നിവയിൽ ഫലപ്രദമായ ഇടപെടൽ നടത്തുകയെന്ന ലക്ഷ്യത്തോടെ അവശ്യമരുന്നുകളുടെ ദേശീയപട്ടിക–-2022 കേന്ദ്രം പ്രസിദ്ധീകരിച്ചു. 27 വിഭാഗത്തിലായി 384 മരുന്നാണുള്ളത്. മുൻപട്ടികയിലെ 26 എണ്ണം നീക്കി. പുതുതായി 34 എണ്ണം ഉൾപ്പെടുത്തി. അർബുദ മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, പ്രമേഹ ഔഷധങ്ങൾ, വാക്സിനുകൾ എന്നിവയുടെ വില കുറയാൻ ഇത് ഉപകരിക്കുമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയവ നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിങ് അതോറിറ്റി നിശ്ചയിച്ച വിലപരിധിക്ക് താഴെയാണ് നിൽക്കുക. ഈ പട്ടികയിലില്ലാത്ത മരുന്നുകളുടെ വില പ്രതിവർഷം 10 ശതമാനം വീതം വർധിപ്പിക്കാം. 1996 മുതലാണ് അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കിത്തുടങ്ങിയത്. 2003, 2011, 2015 വർഷങ്ങളിൽ പരിഷ്കരിച്ചു.