കോലഞ്ചേരി
ഒറ്റ രാത്രികൊണ്ടാണ് ഊത്തിക്കരയിലെ അനിഘയും ആര്യനും അനീഷയും അനാഥരായത്. അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം അച്ഛൻ ജീവനൊടുക്കിയെന്ന് വിശ്വസിക്കാൻ ഇപ്പോഴും അവർക്കായിട്ടില്ല. സ്വന്തമെന്ന് പറയാൻ നിര്‍ധനരായ മുത്തച്ഛനും മുത്തശ്ശിയും മാത്രം. എന്നാൽ, പറക്കമുറ്റും മുമ്പേ വഴിമുട്ടിയ ആ മക്കൾക്ക് താങ്ങായി ഇനി സർക്കാരുണ്ട്. പ്രതിമാസം 6000 രൂപ കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകും . പി വി ശ്രീനിജിന്‍ എംഎല്‍എയാണ് ഇവരുടെ അവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇവരുടെ സംരക്ഷണം ഏറ്റെടുക്കാൻ വനിതാ ശിശുവികസനവകുപ്പിനോട് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. എന്നാൽ കുട്ടികളുടെ അമ്മയുടെ അച്ഛനമ്മമാർ അവരെ ഏറ്റെടുക്കാൻ തയ്യാറായി. ഇതെ തുടർന്നാണ് ധനസഹായം അനുവദിച്ചത്.
അതിഥിത്തൊഴിലാളിയായ ഒഡിഷ സ്വദേശി സുക്രു(സാജന്) ഭാര്യ പള്ളിക്കര പിണർമുണ്ടയിൽ ഊത്തിക്കര ഭാസ്കരന്റെ മകൾ ലിജയെ കുടുംബവഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് രാത്രിയാണ് കൊലപ്പെടുത്തിയത്. ശേഷം ഇയാൾ തൂങ്ങിമരിച്ചു. കിഴക്കമ്പലം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ട്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് അനിഘയും ആര്യനും. സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ രണ്ടാംക്ലാസ് വിദ്യാർഥിനിയാണ് അനീഷ.