ന്യൂഡൽഹി> മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നൽകുന്നവർക്കുകൂടി സംവരണം അനുവദിച്ചുള്ള 103–-ാം ഭരണഘടനാ ഭേദഗതി തുല്യതയുടെയും സാമൂഹ്യനീതിയുടെയും തത്വങ്ങളുടെ ലംഘനമാണെന്ന് നിയമജ്ഞനും അക്കാദമിക്ക് പണ്ഡിതനുമായ ഡോ. മോഹൻ ഗോപാൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദിച്ചു. ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ലംഘനമാണ് മുന്നാക്ക സംവരണമെന്ന് ചീഫ്ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ പി പർദിവാല എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ച് മുമ്പാകെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുർബല ജനവിഭാഗങ്ങൾക്ക് പ്രാതിനിധ്യത്തിനുള്ള ഉപകരണമാണ് സംവരണമെന്ന കാഴ്ചപ്പാടിനെ അട്ടിമറിക്കുന്നതും സാമ്പത്തികഅഭിവൃദ്ധിക്കുള്ള ഒരു പദ്ധതിയാക്കി മാറ്റുന്നതുമാണ് സാമ്പത്തിക സംവരണം. ഇത് തുല്യതയുടെയും സാമൂഹ്യനീതിയുടെയും ലംഘനമാണ്. ഭരണഘടനയുടെ നെഞ്ചിൽ കത്തിയാഴ്ത്തലാണ്–- മോഹൻ ഗോപാൽ വാദിച്ചു.