ലണ്ടൻ
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വമ്പൻമാർ ഇന്നിറങ്ങുന്നു. മാഞ്ചസ്റ്റർ സിറ്റി–-ബൊറൂസിയ ഡോർട്ട്മുണ്ട് പോരാട്ടമാണ് പ്രധാനം. ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ആർ ബി ലെയ്പ്സിഗിനെയും യുവന്റസ് ബെൻഫിക്കയെയും നേരിടും. പിഎസ്ജിക്ക് ഇസ്രേയൽ ക്ലബ് മക്കാബി ഹൈഫയാണ് എതിരാളി. രാത്രി പന്ത്രണ്ടരയ്ക്കാണ് എല്ലാ മത്സരങ്ങളും.
സ്വന്തംതട്ടകത്തിലാണ് സിറ്റി ഡോർട്ട്മുണ്ടിനെ നേരിടുന്നത്. മുന്നേറ്റക്കാരൻ എർലിങ് ഹാലണ്ടാണ് ശ്രദ്ധകേന്ദ്രം. കഴിഞ്ഞ സീസൺവരെ ഡോർട്ട്മുണ്ടിനായി ഗോളടിച്ചുകൂട്ടിയ നോർവേക്കാരൻ ഈ വർഷമാണ് സിറ്റിയിലേക്ക് ചേക്കേറിയത്. സിറ്റിക്കായും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇക്കുറി 10 ഗോൾ നേടി. ചാമ്പ്യൻസ് ലീഗിൽ ആദ്യകളിയിൽ സെവിയ്യക്കെതിരെ ഡബിൾ കുറിച്ചു. കോപൻഹേഗനെ ആദ്യമത്സരത്തിൽ മൂന്ന് ഗോളിന് മറികടന്നാണ് ഡോർട്ട്മുണ്ട് എത്തുന്നത്.
സെൽറ്റിക്കിനെ തോൽപ്പിച്ച റയൽ തുടർജയമാണ് ലക്ഷ്യമിടുന്നത്. ഈ സീസണിൽ അജയ്യരാണ് കാർലോസ് ആൻസെലോട്ടിയും കൂട്ടരും. മക്കാബിയുടെ തട്ടകത്തിലാണ് പിഎസ്ജി ഇറങ്ങുന്നത്. ആദ്യകളിയിൽ ഡൈനാമോ സഗ്രബിനോട് തോറ്റ ചെൽസി ആർബി സാൾസ്ബർഗിനെ നേരിടും.