കൊച്ചി
യാത്രക്കാർക്ക് സുരക്ഷിതമായി ബോട്ടുകളിൽ കയറാനും ഇറങ്ങാനും സഹായകമാകുന്ന പോണ്ടൂണുകൾ ജലമെട്രോ ജെട്ടികളിൽ സ്ഥാപിക്കാൻ തയ്യാറായി. ഭാരം കുറഞ്ഞതും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതുമായ പോണ്ടൂണുകൾക്ക് കോൺക്രീറ്റ് പ്രതലമാണുള്ളത്. അലുമിനിയം സുരക്ഷാവേലികളും സ്ഥാപിച്ചിട്ടുണ്ട്. ജലമെട്രോ ആദ്യം സർവീസ് ആരംഭിക്കുന്ന ഹൈക്കോടതി, വൈപ്പിൻ ജെട്ടികളിൽ സ്ഥാപിക്കാനുള്ള രണ്ടെണ്ണം ഇതിനകം തയ്യാറായി.
മുപ്പത്തെട്ട് ടെർമിനലിലേക്ക് ആവശ്യമായ പോണ്ടൂണുകൾ കഴിഞ്ഞവർഷംതന്നെ കൊച്ചിയിൽ എത്തിച്ചിരുന്നു. ഫിൻലൻഡിലെ മറൈൻടെക്കാണ് ഇവ നിർമിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരം ജെട്ടികൾ പൊതുഗതാഗതസംവിധാനത്തിന്റെ ഭാഗമാക്കുന്നത്.
വിദേശരാജ്യങ്ങളിൽ ഇത്തരം സൗകര്യമുണ്ട്. ടെർമിനലുമായി ബന്ധിപ്പിക്കുന്ന പോണ്ടൂണുകളിലൂടെ, അലുമിനിയം കൈവരികളിൽ പിടിച്ച് യാത്രികർക്ക് സുരക്ഷിതമായി ബോട്ടുകളിലേക്കും തിരിച്ചും പോകാം. ജലനിരപ്പ് എത്രയായാലും ബോട്ടിന്റെ ഡെക്കും ടെർമിനലിന്റെ തറയുമായി ചേർന്നുനിൽക്കുന്ന വിധത്തിലാകും പോണ്ടൂണിന്റെ ഉപരിതലം. ഭിന്നശേഷിക്കാർക്ക് ചക്രക്കസേരയിൽ ഇരുന്ന് ബോട്ടിൽ കയറാൻ പോണ്ടൂൺ സഹായകമാകും. 20 മീറ്റർ നീളവും 4.8 മീറ്റർ വീതിയുമാണുള്ളത്.