തിരുവനന്തപുരം> ഓണം കഴിഞ്ഞാൽ ട്രഷറി പൂട്ടുമെന്ന നിലയിൽ മാധമ്യങ്ങൾ സൃഷ്ടിച്ച പ്രതിസന്ധി ആവിയായിപ്പോയെന്ന് മുൻധനമന്ത്രി ടി എം തോമസ് ഐസക്. മനോരമ ഒന്നാംപേജിൽ എഴുതിയതുപോലെ ട്രഷറി ഓവർ ഡ്രാഫ്റ്റിലുമായില്ല. ഒരു രഹസ്യ നിരോധനവും നടപ്പാക്കിയിട്ടുമില്ല. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വായ്പാപരിധി വെട്ടികുറക്കുന്നതിന് കുതന്ത്രങ്ങൾ മെനയുകയാണ് കേന്ദ്രം. അതിന് അന്തരീക്ഷ സൃഷ്ടിക്കലിലാണ് ചില തൽപ്പര കക്ഷികൾ. ഇവരുടെ പ്രചാരകരായി ചില മാധ്യമങ്ങൾ മാറിയതായും ഐസക് ഫെയ്സ്ബുക്കിൽ കുറിച്ചു.
ട്രഷറി പ്രവർത്തനത്തിൽ വേയ്സ് ആൻഡ് മീൻസ് സൗകര്യം ഉപയോഗിക്കുക പതിവാണ്. 2019–20ൽ സംസ്ഥാന ട്രഷറി 234 ദിവസം വേയ്സ് ആൻറ് മീൻസ് അഡ്വാൻസ് എടുത്തു. 54 ദിവസം അഡ്വാൻസ് പരിധിയുംകടന്ന് ഓവർ ഡ്രാഫ്റ്റിലായി. 2020-21ൽ 195 ദിവസം വെയ്സ് ആന്റ് മീൻസ് അഡ്വാൻസിലായി. 34 ദിവസം ഓവർ ഡ്രാഫ്റ്റിലും. കോവിഡിൽ വരുമാനം ഇല്ലാതായ ജനങ്ങളെ സഹായിച്ചേതീരുവെഎന്ന നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അനുവദിച്ച വായ്പ മുഴുവനെടുത്തു ജനങ്ങളുടെ സുരക്ഷയ്ക്കായി ചെലവഴിച്ചു. അർഹതപ്പെട്ട വെയ്സ് ആന്റ് മീൻസ് അഡ്വാൻസുമെടുത്തു. പണമില്ലെന്നതിനാൽ ആവശ്യമൊന്നും മാറ്റിവച്ചില്ല. ജനങ്ങളുടെ സുരക്ഷയായിരുന്നു പ്രധാനം.
ഇക്കാലത്തെകുറിച്ച് മനോരമ ഒന്നാംപേജിൽ എഴുതിയത് തമാശയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ട്രഷറി ഓവർ ഡ്രാഫ്റ്റിലേക്ക് പോകുന്നത് തടയാൻ ഒരു തന്ത്രം പലവട്ടം പ്രയോഗിച്ചിരുവെന്നാണ് മനോരമ പറഞ്ഞത്. ഓവർ ഡ്രാഫ്റ്റിലേക്ക് പോയെന്ന ചിത്തപേര് ഒഴിവാക്കാൻ സോഫ്ട് വെയറിൽ ക്രമീകരണം ഏർപ്പെടുത്തിയെന്നും പറഞ്ഞു. ഇതെല്ലാം ഭാവനയിൽമാത്രം സംഭവിച്ചതാണ്. റിപ്പോ നിരക്കായ 3.5 ശതമാനം പലിശയ്ക്ക് ലഭിക്കുന്ന വെയ്സ് ആൻറ് മീൻസ് അഡ്വാൻസ് ഉപയോഗിക്കുകയെന്നത് സർക്കാർ തീരുമാനമായിരുന്നു. അത് ഇനിയും പ്രയോജനപ്പെടുത്തുക സർക്കാർ നയമാകും. ട്രഷറിയിലെ പണം കെട്ടിവയ്ക്കുകയല്ലെന്നും, അത് ചംക്രമണം ചെയ്തു കൊണ്ടുരിക്കുകയാണെന്നുമുള്ള ലളിതമായ കാര്യമെങ്കിലും മാധ്യമ പ്രവർത്തകർ ഓർക്കണമെന്നും ഐസക് പറഞ്ഞു.