കൊച്ചി> ജോൺപോൾ തിരക്കഥയെഴുതി നിർമിച്ച തെരേസ ഹാഡ് എ ഡ്രീം എന്ന ജീവചരിത്ര സിനിമ ശ്രീധർ തിയറ്ററിൽ പ്രദർശിപ്പിക്കുന്നു. നവോത്ഥാന നായികയും സിഎസ്എസ്ടി സഭാ സ്ഥാപകയുമായ മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ ജീവിതം ആസ്പദമാക്കിയുള്ളതാണ് സിനിമ. ശ്രീധറിൽ 28 വരെ ദിവസവും രാവിലെ 10ന് പ്രദർശനമുണ്ടാകും. അന്തരിച്ച ജോൺപോൾ അവസാനമായി എഴുതിയ തിരക്കഥയാണിത്.
1858ൽ മദ്രാസിൽ ജനിച്ച തെരേസ സന്യസ്ത ജീവിതത്തിലെ പ്രധാനകാലം കൊച്ചിയിലും ആലപ്പുഴയിലുമാണ് ചെലവഴിച്ചത്. കൊച്ചിയുടെ സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ വലിയ സംഭാവന നൽകി. സെന്റ് തെരേസാസ് വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങി. കൊച്ചിയിലെ ആദ്യത്തെ മെഡിക്കൽ ഷോപ്പും ഡിപ്പാർട്മെന്റൽ സ്റ്റോറും തൊഴിൽ പരിശീലന വിദ്യാഭ്യാസസ്ഥാപനവും തുറന്നത് മദറിന്റെ നേതൃത്വത്തിലായിരുന്നു. 1902ൽ മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ആന്ധ്രപ്രദേശിലുണ്ടായ ട്രെയിൻ അപകടത്തിൽ 44–-ാംവയസ്സിലാണ് മദർ വിടപറഞ്ഞത്.
പരസ്യചിത്രസംവിധായകനായ രാജു എബ്രഹാമാണ് സംവിധായകൻ. മദർ തെരേസ ലിമയായി വിദ്യാർഥിനി ആഷ്ലി വേഷമിടുന്നു. വിഖ്യാത തമിഴ്നടൻ ചാരുഹാസനും വേഷമിട്ടിട്ടുണ്ട്. ക്യാമറ കിഷോർ മണി. എഡിറ്റിങ് ടിജോ തങ്കച്ചൻ, ഡിജോ പി വർഗീസ്.