ന്യൂഡൽഹി> രാജ്യത്ത് ചില്ലറവിൽപ്പന മേഖലയിലെ പണപ്പെരുപ്പം (വിലക്കയറ്റത്തോത്) ആഗസ്തിൽ വീണ്ടും വർധിച്ച് ഏഴ് ശതമാനമായി. പണപ്പെരുപ്പം ആറ് ശതമാനം കവിയുന്നത് സമ്പദ്ഘടനയ്ക്ക് ഹാനികരമാണെന്ന റിസർവ്ബാങ്ക് നിരീക്ഷണം നിലനിൽക്കെയാണിത്. ഈവർഷം ഏപ്രിൽമുതൽ ജൂൺവരെ പണപ്പെരുപ്പം ഏഴ് ശതമാനത്തിൽ കൂടുതലായിരുന്നു. ജൂലൈയിൽ 6.71 ആയി താഴ്ന്നശേഷമാണ് വീണ്ടും കുതിച്ചത്.
ചില്ലറവിൽപ്പനമേഖലയിലെ ഏറ്റവും പ്രധാന ഘടകമായ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തോത് ആഗസ്തിൽ 7.62 ശതമാനം എന്ന ഉയർന്ന നിരക്കിലാണ്. ജൂലൈയിൽ ഇത് 6.69 ശതമാനമായിരുന്നു. ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ധനമേഖലയിൽ പണപ്പെരുപ്പം 10.80 ശതമാനം എന്ന ഉയർന്ന നിരക്കിലാണ്. കുടുംബബജറ്റുകളുടെ താളംതെറ്റിക്കുന്ന വിധത്തിലാണ് വിലക്കയറ്റമെന്ന് ഇത് വ്യക്തമാക്കുന്നു.