കണ്ണൂർ> സുരക്ഷയില്ലാതെ റെയിൽവേ യാത്ര. പാളത്തിൽ കല്ലുകൾ നിരത്തുന്നതും ട്രെയിനിലേക്കുള്ള കല്ലേറും പതിവ്. റെയിൽവേ സ്റ്റേഷനും പാളങ്ങളിലും സമൂഹവിരുദ്ധരുടെ കേന്ദ്രങ്ങളാകുന്നു. പാർക്കിങ് ചെയ്യുന്ന റെയിൽവേ ജീവനക്കാരുടെ ഉൾപ്പെടെ വാഹനങ്ങൾ മോഷ്ടിക്കപ്പെടുന്നു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലുള്ള ഉദ്യോഗസ്ഥരുടെ കുറവ് സുരക്ഷയെ സാരമായി ബാധിക്കുന്നു. ഞായറാഴ്ച മംഗളുരു– തിരുവനന്തപുരം എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ കീർത്തന രാജേഷിന് (12) സമൂഹവിരുദ്ധരുടെ കല്ലേറിൽ മുഖത്ത് സാരമായി പരിക്കേറ്റിരുന്നു. കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനും എടക്കാടിനുമിടയിലാണ് അക്രമമുണ്ടായത്.
കണ്ണൂർ–-കാസർകോട് ജില്ലകളിൽ പാളങ്ങളിൽ കരിങ്കൽ ചീളുകൾവച്ച സംഭവവുമുണ്ടായി. കണ്ണൂർ സൗത്ത്, വളപട്ടണം, തൃക്കരിപ്പൂർ, ചന്തേര, ചേറ്റംകുണ്ട്, കോട്ടിക്കുളം, ഉപ്പള, കുമ്പള, ഉള്ളാൾ ഭാഗങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. മാസങ്ങൾ പിന്നിട്ടിട്ടും കുറ്റവാളികളെ കണ്ടെത്തിയില്ല. ഇതരസംസ്ഥാന തൊഴിലാളികളോ വിദ്യാർഥികളോ ആണിത് ചെയ്യുന്നതെന്ന നിലപാടിലാണ് ആർപിഎഫ്.
റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്നപേരിൽ ചുറ്റുമതിൽ കെട്ടുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ആളുകൾ നടന്നുപോകുന്ന വഴിയിൽ വെളിച്ചം പോലുമില്ല. രാത്രിയിലെത്തുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ആവശ്യത്തിന് സുരക്ഷാസേനായില്ലെന്നാണ് റെയിൽവേയുടെ വിശദീകരണം. റെയിൽവേ ഗേറ്റുകളിലും ട്രെയിനുകളിലും യാത്രക്കാർക്കുനേരെ തുടർച്ചയായി അക്രമം നടക്കുന്നു. രാത്രിയുൾപ്പെടെ ജോലിചെയ്യുന്നവർക്കുനേരെ സംസ്ഥാനത്തുടനീളം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ത്രീ ജീവനക്കാർക്കുപോലും സുരക്ഷയില്ല. കണ്ണപുരം റെയിൽവേ ഗേറ്റിലെ ജീവനക്കാരിയെ ഒരാൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ആർപിഎഫ് പട്രോളിങ് ശക്തമാക്കണമെന്ന ജീവനക്കാരുടെ ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.