ന്യൂഡല്ഹി> കാശ്മീര് പരാമര്ശത്തില് കെ ടി ജലീല് എംഎല്എയ്ക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്യാന് നിര്ദേശം. ഡല്ഹി റോസ് അവന്യൂ കോടതിയുടെതാണ് ഉത്തരവ്. കോടതി നിര്ദേശിക്കുകയാണെങ്കില് എംഎല്എയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റര് ചെയ്യാമെന്നു ഡല്ഹി പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നതായിരുന്നു പരാതിക്കാരന്റെ ഹര്ജിയിലെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഡല്ഹി പൊലീസില് നല്കിയ പരാതിയില് നടപടിയുണ്ടകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് ജിഎസ് മണി കോടതിയെ സമീപിച്ചത്. കേസെടുക്കാന് ഡല്ഹി പൊലീസിന് നിര്ദേശം നല്കണമെന്നതായിരുന്നു ആവശ്യം. ഒരേ വിഷയത്തില് വിവിധ എഫ്ഐആര് രജിസ്റ്റര് ചെയ്യുന്നതിനു തടസമില്ലെന്നും ജിഎസ് മണി കോടതിയില് പറഞ്ഞിരുന്നു.
നിയമസഭാ സമിതിയുടെ ഭാഗമായി കാശ്മീരില് നടത്തിയ സന്ദര്ശനത്തിനിടെ, പാക്ക് അധിനിവേശ കാശ്മീരിനെ ‘ആസാദ് കശ്മീര്’ എന്നും കാശ്മീര് താഴ്വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്ത്ത് ‘ഇന്ത്യന് അധീന കശ്മീര്’ എന്നും വിശേഷിപ്പിച്ചും ജലീല് ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. ഇതാണ് പിന്നീട് വിവാദമായത്.