തിരുവനന്തപുരം> സഭയുടെ അന്തസ്സും അച്ചടക്കവും പരിപാലിച്ചുകൊണ്ട് സഭയുടെ പ്രവര്ത്തനങ്ങളെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഈടുവയ്പായി മാറ്റാന് കഴിയുന്ന തരത്തിലേക്ക് സഭയെ ഉയരാന് സ്പീക്കർ എ എൻ ഷംസീറിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. സഭാ നടത്തിപ്പിൽ പുതിയ മാതൃകകള് സൃഷ്ടിക്കാനും, ജനങ്ങളുടെ നീറുന്ന ആവശ്യങ്ങള് സഭയില് പ്രതിഫലിക്കുമെന്ന് ഉറപ്പുവരുത്താനും, ജനങ്ങളുടെയും ഈ നാടിന്റെയും ഭാഗധേയം നിര്ണയിക്കുന്ന നിയമ നിര്മ്മാണങ്ങള്ക്ക് ചാലകശക്തിയാകാനും കഴിയട്ടെയെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ അനുമോദിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എ എൻ ഷംസീറിനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസംഗം പൂർണരൂപം ചുവടെ
കേരള നിയമസഭയുടെ സ്പീക്കറായി ചുമതലയേറ്റ അങ്ങയെ ഹൃദയപൂര്വ്വം അഭിനന്ദിക്കുന്നു. നമുക്കേവര്ക്കും അറിവുള്ളതു പോലെ കേരള നിയമസഭയുടെ ഇരുപത്തിനാലാമതു സ്പീക്കറായാണ് അങ്ങ് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രഗത്ഭനായ ആര് ശങ്കരനാരായണന് തമ്പിയില് ആരംഭിക്കുന്നതാണ് ഇവിടുത്തെ സഭാധ്യക്ഷന്മാരുടെ ചരിത്രം. സഭാനടപടി ക്രമങ്ങള് ഭദ്രമായ ജനാധിപത്യ മാര്ഗ്ഗത്തില് മുന്നോട്ടു കൊണ്ടുപോകുന്നതിലും സഭാംഗങ്ങളുടെ അവകാശങ്ങള് എല്ലാ നിലയ്ക്കും പരിരക്ഷിക്കുന്നതിലും അസാധാരണമായ പ്രാഗത്ഭ്യം പുലര്ത്തിയ പ്രമുഖരുടെ നിരയെയാണ് ഈ നിയമസഭയുടെ ചരിത്രത്തില് എന്നും നമുക്കു കാണാന് കഴിയുക. മികവാര്ന്ന ആ പാരമ്പര്യത്തെ കൂടുതല് ശക്തവും ചൈതന്യവത്തുമായി മുമ്പോട്ടു നയിക്കുന്നതിന് അങ്ങേയ്ക്ക് കഴിയുമെന്നതില് എനിക്കു സംശയമില്ല.
താരതമ്യേന ചെറിയ പ്രായത്തില് സഭാദ്ധ്യക്ഷ സ്ഥാനത്തു വന്ന നിരവധിപേരുണ്ട്. ആ നിരയിലാണ് അങ്ങയുടെയും സ്ഥാനം. ഇതിലും കുറഞ്ഞ പ്രായത്തില് അദ്ധ്യക്ഷ സ്ഥാനത്തുവന്ന സി എച്ച് മുഹമ്മദ് കോയയെ പോലുള്ളവരുടെ കാര്യം ഞാന് മറക്കുന്നില്ല. അത്രത്തോളം ഇളപ്പമില്ലെങ്കിലും പ്രായത്തെ കടന്നു നില്ക്കുന്ന പരിജ്ഞാനവും പക്വതയും അങ്ങേയ്ക്കുണ്ട്. അത് ഈ സഭയുടെ നടത്തിപ്പിന് മുതല്ക്കൂട്ടാകും എന്ന കാര്യത്തില് സംശയ മില്ല.
ഈ നിയമസഭയില് ഉള്ളതില് 31 അംഗങ്ങള് 27 നും 48 നും ഇടയില് പ്രായമുള്ളവരാണ്. അതായത് സഭയ്ക്ക് പൊതുവില് ഒരു യുവത്വം ഉണ്ടെന്നര്ത്ഥം. ആ പ്രായവിഭാഗത്തില്പ്പെട്ട ഒരാള് പതിനഞ്ചാം കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനത്തു വരുമ്പോള് സഭയുടെ സമസ്ത പ്രവര്ത്തന മണ്ഡലങ്ങളിലും സവിശേഷമായ പ്രസരിപ്പ് പടരും എന്നു വേണം കരുതാന്.
പതിനഞ്ചാം നിയമസഭയില് ആദ്യ സ്പീക്കറായിരുന്ന ശ്രീ എം ബി രാജേഷ് മന്ത്രിസഭാംഗമായതിനെ തുടര്ന്നു രാജിവെച്ച സാഹചര്യത്തിലാണല്ലോ അങ്ങ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. സഭാകാര്യങ്ങള് നിഷ്പക്ഷമായും കര്മ്മോത്സുകമായും മുന്നോട്ടു കൊണ്ടുപോകുന്നതില് ശ്രീ രാജേഷ് വഹിച്ച മാതൃകാപരമായ നേതൃത്വത്തെ അഭിനന്ദിക്കാന് കൂടി ഞാന് ഈയവസരം വിനിയോഗിക്കുകയാണ്. അതേവഴിയിലൂടെ തന്നെ അങ്ങും സഞ്ചരിക്കും എന്ന പ്രത്യാശ പങ്കുവയ്ക്കുകയാണ്.
സമൂഹത്തില് സജീവമായി ഇടപെട്ടു വളര്ന്നതിന്റെ പശ്ചാത്തലമുള്ളയാളാണ് പുതിയ ബഹു.സ്പീക്കര്. തലശ്ശേരി കലാപത്തിന്റെ ഘട്ടത്തില് ആക്രമണത്തിന് ഇരയായ ഒരു കുടുംബത്തില് നിന്നും വരുന്ന പ്രതിനിധിയാണ്. അതുകൊണ്ടുതന്നെ മതനിരപേക്ഷതയുടെ മൂല്യം എന്ത് എന്നത് സ്വന്തം കുടുംബത്തിന്റെ അനുഭവത്തില് നിന്നു തന്നെ അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു. ആ അനുഭവ പശ്ചാത്തലവും അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങള്ക്കുള്ള വലിയ മൂലധനമായി മാറും.
വിദ്യാര്ത്ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആളാണ് അദ്ദേഹം. കണ്ണൂര് സര്വകലാശാലാ യൂണിയന്റെ പ്രഥമ ചെയര്മാനായിരുന്നു. എസ് എഫ് ഐ യുടെയും ഡി വൈ എഫ് ഐ യുടെയും നേതൃത്വങ്ങളില് ദീര്ഘകാലം പ്രവര്ത്തിച്ച അനുഭവവും സംഘടനാ വൈഭവവും അദ്ദേഹത്തിനു കൈമുതലായുണ്ട്.
നരവംശശാസ്ത്രത്തിലും നിയമത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുള്ള അങ്ങ് അക്കാദമിക മികവും സമരവീര്യവും സംയുക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ മാതൃക കൂടിയാണ്. പഠനരംഗത്തു മികവ് പുലര്ത്താന് സമരത്തെയോ സമരരംഗത്തു നില്ക്കാന് പഠനത്തെയോ തിരസ്കരിക്കേണ്ടതില്ല എന്നദ്ദേഹം തെളിയിക്കുകയുണ്ടായി.
കഴിഞ്ഞ പതിറ്റാണ്ടുകളിലെ എത്രയോ വിദ്യാര്ത്ഥിസമരങ്ങളുടെ നേതൃനിരയില് അദ്ദേഹത്തിന്റെ മികവ് പ്രകടമായി. പ്രൊഫഷണല് കോളേജ് കൗണ്സിലിംഗുമായി ബന്ധപ്പെട്ടു നടന്ന സമരത്തില് ക്രൂരമായ മര്ദ്ദനത്തിനിരയായിട്ടുണ്ട്. കള്ളക്കേസില് കുരുങ്ങേണ്ടി വന്നിട്ടുണ്ട്. മൂന്നു മാസത്തി ലധികം ജയിലില് കിടക്കേണ്ടി വന്നിട്ടുണ്ട്. വര്ഗ്ഗീയശക്തികളുടെ ശാരീരികമായ ആക്രമണങ്ങള് നേരിടേണ്ടി വന്നിട്ടുണ്ട്.
പലകാര്യങ്ങളിലും ഇന്ത്യയിലെ നിയമ നിര്മ്മാണ സഭകള്ക്ക് മാതൃകയായി മാറിയ ചരിത്രമാണ് കേരള നിയമസഭയ്ക്കുള്ളത്. പുതിയ മാതൃകകള് സൃഷ്ടിക്കാനും, ജനങ്ങളുടെ നീറുന്ന ആവശ്യങ്ങള് സഭയില് പ്രതിഫലിക്കുമെന്ന് ഉറപ്പുവരുത്താനും, ജനങ്ങളുടെയും ഈ നാടിന്റെയും ഭാഗധേയം നിര്ണയിക്കുന്ന നിയമ നിര്മ്മാണങ്ങള്ക്ക് ചാലകശക്തിയാകാനും അങ്ങേയ്ക്കു കഴിയട്ടെ.
ബഹു. സ്പീക്കറുടെ ഉത്തരവാദിത്വം ഗവണ്മെന്റ് ബിസിനസുകള് തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കലും പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ ആവശ്യങ്ങള് അനുവദിച്ചുകൊടുക്കലുമാണ്. രണ്ടും സമതുലിതമായ വിധത്തില് പാലിച്ചുകൊണ്ട് സഭാ നടപടിക്രമങ്ങള് സുഗമമായി മുന്നോട്ടു കൊണ്ടുപോകാന് കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന് പുതിയ സ്പീക്കര്ക്കും കഴിയും. സഭയുടെ അന്തസ്സും അച്ചടക്കവും പരിപാലിച്ചുകൊണ്ട് സഭയുടെ പ്രവര്ത്തനങ്ങളെ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഈടുവയ്പായി മാറ്റാന് കഴിയുന്ന തരത്തിലേക്ക് ഉയരാന് അങ്ങേയ്ക്കു കഴിയട്ടെ എന്നാശംസിക്കുന്നു.