തിരുവനന്തപുരം
കേരളം വിദ്വേഷത്തിന് ഇടമില്ലാത്ത നാടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ഭാരത് ജോഡോ യാത്രയ്ക്ക് നേമത്ത് നൽകിയ സ്വീകരണത്തിലാണ് കേരളത്തെ പ്രശംസിച്ചത്. ഇവിടെ എല്ലാവരും പരസ്പര ബഹുമാനത്തോടെയാണ് പെരുമാറുന്നത്. വെറുപ്പും വിദ്വേഷവും പടർത്താൻ അനുവദിക്കാറില്ല. കേരളത്തിൽനിന്നുള്ള പാർലമെന്റ് അംഗമെന്ന നിലയിൽ ഇവയൊക്കെ മനസ്സിലാക്കാനായി. ഈ ഗുണങ്ങൾ കൂടിയാണ് യാത്രയിലൂടെ രാജ്യത്തിന് മുന്നിൽ വയ്ക്കുന്നതെന്നും രാഹുൽ പറഞ്ഞു.
രാവിലെ പാറശാലയിൽനിന്നാണ് യാത്ര ആരംഭിച്ചത്. കാമരാജ് പ്രതിമയിൽ പുഷ്പാർച്ചന നടത്തി യാത്രയാരംഭിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പ്രാദേശിക നേതാക്കൾ തള്ളിക്കയറിയതോടെ രാഹുലിന് പ്രതിമയ്ക്കടുത്ത് എത്താനായില്ല. വിട്ടുനിന്ന് പുഷ്പാർച്ചന നടത്തേണ്ടിവന്നു. നിശ്ചയിച്ച ആളുകൾ എത്താതായതോടെ പ്ലക്കാർഡുകൾ പാറശാലയിലെ ഓഡിറ്റോറിയത്തിന് പിന്നിൽ കൂട്ടിയിട്ടതും യാത്രയുടെ നിറംകെടുത്തി. തിങ്കളാഴ്ച നേമത്തുനിന്ന് യാത്ര പുനരാരംഭിക്കും. ചൊവ്വവരെ തിരുവനന്തപുരത്തുണ്ട്. 29വരെയാണ് കേരളത്തിലെ പര്യടനം.