താനൂർ> വഞ്ചിപ്പാട്ടും പാടി പൂരപ്പുഴയുടെ ഓളങ്ങളെ കീറിമുറിച്ച് താനാളൂർ പഞ്ചായത്ത് സ്പോൺസർചെയ്ത ‘യുവരാജ’ പൂരപ്പുഴ വള്ളംകളിയുടെ മൂന്നാം എഡിഷനിൽ ജേതാക്കളായി. അഷ്കർ കോറാട് ഒഴൂർ സ്പോൺസർചെയ്ത ‘കായൽപ്പട’ രണ്ടും പാട്ടരകത്ത് നാസർ സ്പോൺസർചെയ്ത ‘യുവധാര’ മൂന്നും ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്പോൺസർ ചെയ്ത ‘പുളിക്കകടവൻ’ നാലും സ്ഥാനത്ത് എത്തി.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ‘എന്റെ താനൂരും’ ചേർന്ന് നടത്തിയ മൂന്നാമത് വള്ളംകളി കാണാൻ പൂരപ്പുഴയുടെ ഇരുകരകളും നിറഞ്ഞുകവിഞ്ഞിരുന്നു. ഞായറാഴ്ച ഉച്ചമുതൽതന്നെ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് ജലോത്സവം കാണാൻ എത്തിയത്. പൂരപ്പുഴ വള്ളംകളിയുടെ മൂന്നാം എഡിഷനിൽ തുഴയെറിഞ്ഞത് 12 വള്ളമായിരുന്നു. ബിയ്യം ജലോത്സവത്തിൽ മത്സരിച്ച വള്ളങ്ങളായിരുന്നു ഇവ. 2017ൽ ആരംഭിച്ച വള്ളംകളി 2019ലും നടത്തി. കോവിഡ് കാരണം രണ്ടു വർഷമായി നടത്താനായില്ല. ആദ്യവർഷം ഒമ്പതു വള്ളവും രണ്ടാം തവണ 11 വള്ളവുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
അരലക്ഷം രൂപയും ട്രോഫിയുമാണ് ഒന്നാം സ്ഥാനം നേടിയ ടീമിന് ലഭിച്ചത്. 25,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്കും 15,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്കും 10,000 രൂപയും ട്രോഫിയും നാലാം സ്ഥാനക്കാർക്കും ലഭിച്ചു.