തിരുവനന്തപുരം> രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കെ മുരളീധരൻ എംപിക്ക് വേദി നിഷേധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുരളീധരൻ മത്സരിച്ച നേമം മണ്ഡലത്തിലെ സ്വീകരണത്തിനിടെയാണ് അദ്ദേഹത്തെ കോൺഗ്രസ് നേതൃത്വം അപമാനിച്ചത്. നീരസം വ്യക്തമാക്കിയ മുരളീധരൻ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി.
വേദിയിൽ ആരെല്ലാമുണ്ടാകണമെന്ന് തീരുമാനിക്കുന്നത് അതാത് ഡിസിസികളാണ്. എന്നാൽ, കെ സി വേണുഗോപാലിന്റെ നിർദേശ പ്രകാരമാണ് ഇവർ വേദിയിൽ ഇരിക്കേണ്ട നേതാക്കളെ നിശ്ചയിക്കുന്നത്. വൈകിട്ട് ആറിനായിരുന്നു നേമത്തെ സ്വീകരണം. മുരളീധരനെക്കാൾ താരതമ്യേന ജൂനിയർ നേതാക്കൾ വേദിയിലിരിക്കെയാണ് സുരക്ഷാചുമതലയുള്ളവർ മുരളീധരനെ തടഞ്ഞത്. പാർലമെന്റ് അംഗമാണെന്നറിയിച്ചിട്ടും കടത്തിവിട്ടില്ല. ഇതോടെയാണ് മുരളീധരൻ വേദി വിട്ടത്.
വീട്ടിലേക്ക് മടങ്ങിയ മുരളീധരനെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടങ്ങിയെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ കരുത്തനായ സ്ഥാനാർഥിയെ വേണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടാണ് വടകര എംപിയായ മുരളീധരൻ നേമത്ത് മത്സരിക്കാനെത്തിയത്. ആ തന്നോട് അതേ മണ്ഡലത്തിൽ മോശമായി പെരുമാറിയെന്ന ചിന്തയാണ് മുരളിക്കുള്ളത്. ബിജെപിയെ തോൽപ്പിക്കാൻ ഇനി സ്റ്റേജിലുള്ളവർ തന്നെ രംഗത്തിറങ്ങട്ടെയെന്നാണ് അടുത്ത വൃത്തങ്ങളോട് മുരളി പ്രതികരിച്ചത്. രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ആയതിനാൽ മാത്രം അടുത്ത ദിവസങ്ങളിലും പങ്കെടുക്കുമെന്നാണ് മുരളീധരൻ ഇപ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, സംഭവത്തിലുള്ള നീരസം പരസ്യമായി പ്രകടിപ്പിക്കാൻ തന്നെയാണ് മുരളീധരന്റെ തീരുമാനം.