ന്യൂഡൽഹി> കശ്മീരിന്റെ പ്രത്യേകാധികാരം തിരിച്ചുകിട്ടില്ലന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ’ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ കഴിയില്ല. ഇതിനായി പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പ്രത്യേകാധികാരത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കില്ലന്നും ജനങ്ങളെ ചൂഷണം ചെയ്യാൻ മറ്റ് പാർടികളെ അനുവദിക്കില്ലന്നും പഫ ബാരാമുള്ളയിൽ നടത്തിയ റാലിയിൽ ആസാദ് പറഞ്ഞു.
കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർടികൾ പ്രത്യേകാധികാരം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടിരിക്കെയാണ് പ്രത്യക്ഷത്തിൽ തന്നെ ബിജെപി അനുകൂല നിലപാട് ആസാദ് എടുത്തത്. ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗുപ്കാർ സഖ്യത്തിന്റെ അടിസ്ഥാന ആവശ്യവും പ്രത്യേകാധികാരവും സംസ്ഥാന പദവി പുന:സ്ഥാപിക്കലുമാണ്. തെരഞ്ഞെടുപ്പിൽ ആസാദ് രൂപീകരിക്കുന്ന പാർടിയും ബിജെപിയുമായി ഒത്തുതീർപ്പുണ്ടാകുമെന്ന അഭ്യൂഹം നിലനിൽക്കേയാണ് നിലപാട്.
രാഷ്ട്രീയ ചൂഷണത്തിന്റെ ഫലമായി ഒന്നരലക്ഷം മനുഷ്യർ കശ്മീരിൽ കൊല്ലപ്പെട്ടു. അഞ്ച് ലക്ഷം കുട്ടികൾ അനാഥരാക്കപ്പെട്ടു. നടത്തനാവുന്ന കാര്യങ്ങളെ താൻ പറയൂവെന്നും അതിന്റെ പേരിൽ തെരെഞ്ഞടുപ്പിൽ തിരിച്ചടി നേരിട്ടാൽ കുഴപ്പമില്ലന്നും ആസാദ് റാലിയിൽ പറഞ്ഞു. അതേസമയം പത്തുദിവസത്തിനകം പാർടി രൂപീകരണം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റാലിയ്ക്ക് മുന്നോടിയായി ബാരാമുള്ള മുനിസിപ്പൽ കോർപറേഷനിലെ എട്ട് അപ്നി പാർടി കൗൺസിലർമാർ രാജിവെച്ച് ആസാദിന് പിന്തുണ പ്രഖ്യാപിച്ചു.