രാജാക്കാട്
മുതിരപ്പുഴയാറിന് കുറുകേ ഉരുക്കുവടത്തിൽ തൂങ്ങിപറക്കാന് സാഹസിക സഞ്ചാരികളെ മാടിവിളിക്കുകയാണ് രാജാക്കാട് ശ്രീനാരായണപുരം റിപ്പിൾഫാൾസ് വിനോദസഞ്ചാര കേന്ദ്രം. പ്രകൃതിയിൽ ചാലിച്ച പച്ചപ്പിന്റെ മനോഹാരിതയിൽ ആകാശയാത്ര ഹരംപകരും.
പാൽനുര ചുരത്തി പതഞ്ഞൊഴുകുന്ന മുതിരപ്പുഴയാറിനും വെള്ളച്ചാട്ടത്തിനും മുകളിലൂടെയുള്ള 1500 കിലോ ഭാരം വരെ താങ്ങാന് കഴിയുന്ന റോപ്പാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. അടുത്തടുത്ത് സ്ഥാപിച്ചിരിക്കുന്ന വടങ്ങളിൽകൂടി ഒരേ സമയം രണ്ട് പേരെ കയറ്റിവിടാമെന്ന പ്രത്യേകതയുമുണ്ട്. ഇരുകൈകളുംവിട്ടാല് പോലും ശരീരം താഴോട്ട് മറിയാത്ത തരത്തിലാണ് റോപ്പില് സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഇതിനാൽ സ്ത്രീകളും കുട്ടികളും ഭയമില്ലാതെ ആകാശയാത്ര ആസ്വദിക്കാമെന്ന് ടൂറിസം സെന്റർ മാനേജർ സി ജി മധു പറഞ്ഞു. കുത്തിപതഞ്ഞൊഴുകുന്ന മുതിരപ്പുഴയാറിന് കുറുകേ 225 മീറ്ററിലധികം നീളത്തിലുള്ള റോപ്പിലൂടെ മറുകരയിലേക്കെത്തും. 30 അടിയിലധികം ഉയരത്തിലൂടെയാണ് തിരികെയുള്ള യാത്ര. ഈ വരവിലാണ് മനോഹരമായ ആകാശ കാഴ്ച ആസ്വദിക്കാന് കഴിയുക. നാലുമാസം മുമ്പ് ആകാശയാത്ര തുടങ്ങിയശേഷം സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറ് കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേയ്ക്കെത്തുന്നത്. കാലവസ്ഥ പ്രതികൂലമായിരുന്നിട്ടും ശ്രീനാരായണപുരത്ത് ഇപ്പോള് തിരക്കൊഴിഞ്ഞ സമയമില്ല. സാഹസിക വിനോദസഞ്ചാരത്തിനായുള്ള പുതിയ പദ്ധതികളും ഡിടിപിസി തയ്യാറാക്കിവരുകയാണ്.