എന്നെ വിലക്കാനും ഞാൻ സിനിമ ചെയ്യുന്നത് തടയാനും ശ്രമിച്ചവരുണ്ട്. 10 വർഷത്തിലധികം അങ്ങനെയായിരുന്നു. അവർക്ക് കീഴടങ്ങാതെ സിനിമ ചെയ്യുകയെന്നതായിരുന്നു അപ്പോൾ പ്രധാനം. എന്നെ അധിക്ഷേപിക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് പത്തൊമ്പതാം നൂറ്റാണ്ട്.
മലയാള സിനിമയിൽ എന്നും വേറിട്ട വഴികളിലാണ് വിനയൻ. താര കേന്ദ്രീകൃതമായി സിനിമ ചുരുങ്ങിയ കാലത്താണ് കലാഭവൻ മണിയെ നായകനാക്കി സിനിമ ഒരുക്കിയത്. പിന്നീട് അത്ഭുതദ്വീപിലൂടെ കുഞ്ഞു മനുഷ്യരുടെ ലോകം തുറന്നിട്ടു. ആകാശഗംഗ, കല്യാണസൗഗന്ധികം, രാക്ഷസരാജാവ് തുടങ്ങി വിവിധ ചിത്രങ്ങൾ. ഇപ്പോൾ വലിയ ക്യാൻവാസിൽ പത്തൊമ്പതാം നൂറ്റാണ്ട്. വിലക്കുകളെയും മാറ്റിനിർത്തലുകളെയും സിനിമകൊണ്ട് പ്രതിരോധിച്ച മാക്ടയുടെ സ്ഥാപകൻകൂടിയായ സംവിധായകൻ വിനയൻ സംസാരിക്കുന്നു.
ചരിത്രം അടയാളപ്പെടുത്താനുള്ള ശ്രമം
ഞാൻ അമ്പലപ്പുഴ സ്വദേശിയാണ്. ആറാട്ടുപ്പുഴയും ചേർത്തലയുമെല്ലാം എന്റെ സമീപപ്രദേശങ്ങളാണ്. കുട്ടിക്കാലംമുതൽ വേലായുധ പണിക്കരെയും നങ്ങേലിയെക്കുറിച്ചുമെല്ലാം കേട്ടാണ് ഞാൻ വളർന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനായിരിക്കെ ഇവരെക്കുറിച്ചെല്ലാം ധാരാളം പ്രസംഗിച്ചിട്ടുണ്ട്. അന്നും പത്തൊമ്പതാം നൂറ്റാണ്ട് എന്റെ മനസ്സിലുണ്ടായിരുന്നു. എന്നാൽ, ഇതുപോലൊരു വലിയ സിനിമയെടുക്കാനുള്ള സാഹചര്യം അപ്പോഴുണ്ടായിരുന്നില്ല.
ശ്രീനാരായണ ഗുരുവിന് മുമ്പേ വലിയൊരു യോദ്ധാവായ നവോത്ഥാന നായകനായി വേലായുധ പണിക്കരുണ്ട്. അതുപോലെതന്നെയാണ് നങ്ങേലിയും. ചേർത്തലയിൽ മുലച്ചിപറമ്പ് എന്ന സ്ഥലമുണ്ട്. അവിടെയാണ് മാറുമറയ്ക്കാനായി സമരം ചെയ്ത നങ്ങേലി ജീവിച്ചത്. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഇവരുടെ പോരാട്ടങ്ങൾ സിനിമയിലൂടെ രേഖപ്പെടുത്താനാണ് ശ്രമിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്ക്കെതിരായ പോരാട്ടമാണ് സിനിമയാക്കിയത്. ഒരു സിനിമാക്കാരന്റെ ആവിഷ്കാര സ്വാതന്ത്ര്യംകൂടി ഉപയോഗിച്ചാണ് കായംകുളം കൊച്ചുണ്ണിയെ ഇതിൽ അവതരിപ്പിച്ചത്. ഒരുപാട് ചരിത്രകാരന്മാരോട് സംസാരിച്ചും പുസ്തകങ്ങൾ വായിച്ചുമാണ് സിനിമ ഒരുക്കിയത്.
താരങ്ങൾക്ക് പുറകെ പോകില്ല
കലാഭവൻ മണി കൊമേഡിയൻ മാത്രമായിരുന്ന കാലത്താണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ചെയ്യുന്നത്. ഊമ പെണ്ണിന് ഉരിയാടാ പയ്യനിലാണ് ജയസൂര്യയെയും ഇന്ദ്രജിത്തിനെയും കൊണ്ടുവരുന്നത്. ദിലീപിനെയായിരുന്നു ഊമ പെണ്ണിൽ ആദ്യം നായകനായി തീരുമാനിച്ചത്. എഴുത്തുകാരനായ കലൂർ ഡെന്നിസിനെ മാറ്റണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്നാണ് ദിലീപിനെ മാറ്റി പുതിയ ആളുകളെ കൊണ്ടുവന്നത്. പുതിയവരെ വച്ച് സിനിമ ചെയ്യുന്നതിൽ ഒരു ത്രിൽ കാണുന്ന ആളാണ് ഞാൻ. കഥ തയ്യാറായി, നിർമാതാവിനെ കിട്ടിയാൽ പിന്നെ സിനിമ ചെയ്യണം. അല്ലാതെ താരത്തിന്റെ പുറകെ നടക്കാറില്ല. താരത്തിന്റെ ഡേറ്റിനായി ഇതുവരെ കാത്തിരുന്നിട്ടില്ല. ഇനിയും അതിന് തയ്യാറല്ല. താരങ്ങൾ സംവിധായകന്റെ ടൂളാണ് എന്നാണ് വിശ്വാസം.
പത്തൊമ്പതാം നൂറ്റാണ്ടിന് ഗോകുലം ഗോപാലനെപ്പോലൊരു നിർമാതാവിനെ കിട്ടി എന്നതുതന്നെയാണ് ഗുണകരമായത്. ആദ്യം പല താരങ്ങളോടും സംസാരിച്ചിരുന്നു. വേലായുധ പണിക്കരുടെ 35–-45 വയസ്സുള്ള കാലമാണ് സിനിമ. മമ്മൂക്കയെയും മോഹൻലാലിനെയും വച്ച് ചെയ്യാനാകില്ല. പൃഥ്വിരാജുമായി സംസാരിച്ചു. പക്ഷേ, അദ്ദേഹം തിരക്കിലായിരുന്നു. തുടർന്നാണ് പുതിയ ആളുകളെ നോക്കാൻ ഗോകുലം ഗോപാലൻ പറയുന്നത്. വലിയ മുതൽമുടക്കുള്ള സിനിമയാണ്. താരങ്ങളെ വച്ച് ചെയ്താൽ അവരുടെ ഫാൻസ് വരും, അവർ ആദ്യ ഷോ ഹൗസ്ഫുള്ളാക്കും എന്ന രീതിയിലൊന്നും ഗോകുലം ഗോപാലൻ ചിന്തിച്ചില്ല. തുടർന്നാണ് സിജു വിൽസണിലേക്ക് എത്തുന്നത്. ഒരു വർഷത്തോളം പരിശീലനം നൽകിയാണ് കഥാപാത്രമാക്കി മാറ്റിയത്. പിന്നെ താരങ്ങളൊക്കെ താരങ്ങളായത് ഇതുപോലെ പുതുതായി വന്നുതന്നെയാണ്.
10 വർഷം തടവ് പുള്ളിയായിരുന്നു
എന്റെ നിലപാടുകൾ എന്നും വ്യക്തമായിരുന്നു. അതിനാലാണ് സുപ്രീംകോടതിവരെ പോയി കേസ് നടത്തിയത്. ഞാൻ സിനിമ ചെയ്യേണ്ടെന്ന് അവർ തീരുമാനിച്ചതു കൊണ്ടാണ് കിട്ടിയ ആളുകളെ വച്ച് സിനിമ ചെയ്തത്. സിനിമ ചെയ്യുകയെന്നതായിരുന്നു വിലക്കിനോടുള്ള പ്രതികരണം. ജസ്റ്റിസ് നരിമാന്റെ ബെഞ്ച് എനിക്ക് അനുകൂലമായാണ് വിധി പറഞ്ഞത്. അപ്പോഴാണ് മമ്മൂക്ക അമ്മ യോഗത്തിൽ വിനയനെ വിലക്കിയത് ശരിയായില്ലെന്ന് പറഞ്ഞത്. മാറ്റിനിർത്താൻ ശ്രമിച്ച 10 വർഷം വാശിയിൽ ചെയ്ത സിനിമകളാണ് പലതും. അവയൊന്നും ഞാൻ ആഗ്രഹിച്ചപോലെയുള്ളവയല്ല. ആ കാലത്ത് ഞാനൊരു തടവുപുള്ളിയുടെ അവസ്ഥയിലായിരുന്നു. പലരും എന്നെ അധിക്ഷേപിക്കാൻ ശ്രമിച്ചു. അവർക്കുള്ള മറുപടിയാണ് പത്തൊമ്പതാം നൂറ്റാണ്ട്. സൂപ്പർ താരങ്ങളില്ലാതെയും വലിയ സിനിമകൾ സാധ്യമാകുമെന്ന് ഈ പടം തെളിയിച്ചു.
നവീകരണം ആവശ്യം
കാലത്തിനനുസരിച്ച് സ്വയം നവീകരിക്കുന്ന സംവിധായകർക്കു മാത്രമേ നിലനിൽക്കാൻ കഴിയൂ. നടന്മാരെ പ്രായം ബാധിക്കും എന്നാൽ സംവിധായകർക്ക് ആരോഗ്യമുണ്ടെങ്കിൽ 90–-ാം വയസ്സിലും സിനിമ ചെയ്യാം. എന്നാൽ, ഓരോ കാലത്തെയും ചെറുപ്പക്കാർ കാണുന്ന സിനിമകളെക്കുറിച്ച് മനസ്സിലാക്കണം. അതുപോലെ സിനിമയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കുകയും വേണം. സാങ്കേതിക മേഖലയെക്കുറിച്ച് പഠിക്കുന്നതും ആവശ്യമാണ്.
വ്യക്തികളുമായി പ്രശ്നങ്ങളില്ല
മോഹൻലാലിന്റെ വോയ്സ് ഓവറിലൂടെ തുടങ്ങി മമ്മൂട്ടിയുടെ വോയ്സ് ഓവറിലാണ് സിനിമ അവസാനിക്കുന്നത്. കുഞ്ഞാലിമരയ്ക്കാർ, കായംകുളം കൊച്ചുണ്ണി എന്നൊക്കെ പറഞ്ഞാൽ എല്ലാവർക്കും അറിയാം. അതുപോലെ ആറാട്ടുപ്പുഴ വേലായുധ പണിക്കരെ ആളുകൾ അറിയില്ല. അതിനാൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ശബ്ദം വലിയ ഗുണം ചെയ്തു. ഒരു പുസ്തകത്തിന് എം ടി അവതാരിക എഴുതിയാൽ അതിന് വേറെ തലമാണ്. അതുപോലെതന്നെയാണ് സിനിമയിൽ ഇവർ ഭാഗമാകുന്നതും. കലാകാരന്മാർ എന്നനിലയിൽ അവരുടെ മഹത്വമാണ് താരതമ്യേന പുതിയ ഒരാളായ സിജു നായകനായ സിനിമയിൽ ഇവർ ഭാഗമായത്.
എന്റെ പ്രശ്നങ്ങളെല്ലാം സംഘടനാപരമാണ്. അത് മോഹൻലാൽ, മമ്മുട്ടി എന്നിങ്ങനെ വ്യക്തികളുമായിട്ടല്ല. സംഘടനയിലെ ചിലരുടെ മേൽകോയ്മയും വിലക്കാനുള്ള തീരുമാനത്തിനുമെതിരാണ്. അതിനെതിരായ പോരാട്ടം ഇനിയും തുടരും.
മോഹൻലാലിനൊപ്പം മാസ് സിനിമ
വലിയ ക്യാൻവാസിലുള്ള സിനിമകളാണ് ഇനി മനസ്സിലുള്ളത്. മോഹൻലാലിനൊപ്പം ഇതുവരെ ഒരു സിനിമ ചെയ്യാനായിട്ടില്ല. അദ്ദേഹത്തിന്റെ നല്ല കാലത്ത് ഒരു സിനിമ ചെയ്യാനായില്ല എന്നതിൽ നല്ല വിഷമമുണ്ട്. ചില തെറ്റിധാരണകൾ കാരണമാണ് നടക്കാതെ പോയത്. ഫാൻസാണ് അതിനു പിന്നിൽ. ഈ കാലഘട്ടത്തിലെ മികച്ച നടനായ ലാലിനെ വച്ച് ഒരു സിനിമ ചെയ്യുകയെന്നത് തീർച്ചയായും എന്റെ ആവശ്യമാണ്. 2023ൽ അത് സാധ്യമാകും. ഒരു മാസ് സിനിമയായിരിക്കും അത്. മമ്മൂട്ടിയെ വച്ച് ഒരു പൊലീസ് സിനിമയും മനസ്സിലുണ്ട്.
ഭീമനെ കഥാപാത്രമാക്കി ഒരു സിനിമ ആലോചനയിലുണ്ട്. എം ടിയുടെ രണ്ടാമൂഴം നടന്നിരുന്നുവെങ്കിൽ ആ സിനിമ ഞാൻ ചെയ്യുമായിരുന്നില്ല. എന്നാൽ, എം ടിയുടെ ഭീമനിൽനിന്ന് വ്യത്യസ്ഥനായ ഭീമനാണ് ഞാൻ ഉദ്ദേശിക്കുന്നത്. പാഞ്ചാലിയെയും മുഖ്യകഥാപാത്രമാക്കിയാണ് സിനിമ ഒരുക്കുക.