മലയാളത്തിന്റെ സിനിമാ പ്രസ്ഥാനത്തിന് മറക്കാനാകാത്ത അശ്വിനി ഫിലിം സൊസൈറ്റിക്ക് 50 കഴിഞ്ഞു. കേരളത്തിലെ പുതുസിനിമാസ്വാദനത്തിനും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും ഊർജമായ അശ്വിനിയുടെ എല്ലാമെല്ലാമാണ് ചെലവൂർ വേണു. മലയാള സിനിമയ്ക്ക് മറക്കാനാകാത്ത വെള്ളിത്തിരയ്ക്ക് പിന്നിലെ ഈ മനുഷ്യനുള്ള ആദരാഭിവാദ്യമാണ് ഈയടുത്ത് പുറത്തിറങ്ങിയ ഡോക്യുമെന്ററി ‘ചെലവൂർ വേണു –-ജീവിതം, കാലം’. മലയാളത്തിലെ ആദ്യ മനഃശാസ്ത്ര മാസിക സൈക്കോ, ആദ്യ സ്പോർട്സ് മാസിക സ്റ്റേഡിയം, പ്രഥമ സ്ത്രീ മാസിക രൂപകല, രാഷ്ട്രീയ വാരികയായ ‘സെര്ച്ച് ലൈറ്റ്’, ‘സിറ്റി മാഗസിന്’ എന്ന പ്രതിവാര പത്രം… ഇങ്ങനെ 10 പ്രസിദ്ധീകരണം നടത്തിയ പ്രസാധക–-പത്രപ്രവർത്തക പ്രതിഭകൂടിയായ വേണുവിന്റെ കല–-സാംസ്കാരിക ജീവിതത്തിലേക്കുള്ള ജാലകമാണ് ഈ ഹ്രസ്വചിത്രം. വിദ്യാർഥി–-യുവജന സംഘടനാ നേതാവ് (കെഎസ്എഫ്–-കെഎസ്വൈഎഫ്) എന്ന അധികമാർക്കും അറിയാത്ത ഇടതുപക്ഷ നേതാവായിരുന്ന വേണുവിന്റെ ചരിത്രവും നമുക്ക് ഇതിലൂടെ അറിയാം.
സമാന്തരം ഈ ജീവിതം
ചെലവൂർ വേണു നടനല്ല, സിനിമാ നിർമാതാവോ സംവിധായകനോ അല്ല. എന്നാൽ, അരനൂറ്റാണ്ടിലേറെക്കാലമായുള്ള മലയാള സിനിമയുടെ ചരിത്രത്തിൽനിന്ന് ഈ കോഴിക്കോട്ടുകാരനെ മാറ്റിനിർത്താനാകില്ല. സിനിമ, പ്രത്യേകിച്ചും സമാന്തര സിനിമയുടെ, സിനിമാപ്രവർത്തകരുടെ ജീവാത്മാവും പരമാത്മാവുമാണ് ഈ കൊച്ചുമനുഷ്യൻ. സമാന്തര ക്ലാസിക് സിനിമകളുടെ പ്രദർശനവുമായി 50 വർഷം പിന്നിടുന്ന അശ്വിനി ഫിലിം സൊസൈറ്റിയുടെ അമരക്കാരനായ വേണുവിന്റെ ജീവിതം പല അടരുകളുള്ള കാവ്യമോ കഥയോ, അതോ അതിനുമപ്പുറം നീളുന്ന സിനിമയോ ആയി വായിക്കാവുന്നതാണ്. കേരള ചലച്ചിത്ര അക്കാദമിക്കും എഫ്എഫ്എസ്ഐ–-കേരളയ്ക്കുംവേണ്ടി ജയൻ മാങ്ങാടാണ് ഈ സമാന്തര ജീവിതം, ഹ്രസ്വചിത്രമായി ആവിഷ്കരിച്ചിരിക്കുന്നത്. വേണുവിന്റെ മാധ്യമ–-സിനിമ–- രാഷ്ട്രീയ ജീവിതത്തിന്റെ അടരുകൾ സമകാലികരായ സിനിമ–-സാംസ്കാരിക പ്രവർത്തകരുടെ സാക്ഷ്യത്തിലൂടെ സംവിധായകനായ ജയൻ അവിസ്മരണീയ അനുഭവമാക്കി മാറ്റിയിട്ടുണ്ട്. ഒന്നരമണിക്കൂർ നീളുന്ന ഹ്രസ്വചിത്രത്തിൽ ഇടതുപക്ഷ വിദ്യാർഥി–-യുവജന നേതാവ്, പ്രസാധകൻ, എഴുത്തുകാരൻ, ചലച്ചിത്ര പ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത മണ്ഡലത്തിലെ വേണുവിന്റെ ജീവിതത്തെ അടുത്തറിയാനുതകും. സമാന്തര–-ജനകീയ ആവിഷ്കാരങ്ങൾക്ക് തുടിക്കുന്ന കല–-സാംസ്കാരിക പ്രവർത്തകരുടെ അഭയവും ആശ്വാസവും, അരവിന്ദൻ, ജോൺ എബ്രഹാം, പി എ ബക്കർ, ചിന്ത രവീന്ദ്രൻ, അടൂർ ഗോപാലകൃഷ്ണൻ, കെ പി കുമാരൻ, ടി വി ചന്ദ്രൻ തുടങ്ങി മലയാളത്തിന് വേറിട്ട വിലാസം നൽകിയ സിനിമാ പ്രതിഭകളുടെ കോഴിക്കോടൻ അംബാസഡർ. പ്രതിഭകൾക്കായി തുറന്നിട്ട സൈക്കോയും സംവാദ–-സൗഹൃദങ്ങൾ പൂത്ത കാലവും ഓർമിപ്പിക്കുന്ന ഈ ഹ്രസ്വചിത്രം അടയാളപ്പെടുത്തിയതിലൂടെ ജയനും നിർമാതാക്കളും കലാചരിത്രത്തോടും നീതികാട്ടിയിരിക്കയാണ്. ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയണ് വൈസ് പ്രസിഡന്റും ദൃശ്യതാളം മാസികയുടെ എഡിറ്ററുമാണ് ചെലവൂർ വേണു .
റേ, ഘട്ടക്, സ്മിത പാട്ടീൽ
നിരവധി ഫിലിം സൊസൈറ്റികളുടെ രൂപീകരണത്തിന് പ്രചോദനവും പ്രകോപനവുമേകി നവഭാവുകത്വമേകുന്ന ചലച്ചിത്ര സംസ്കാരം വളർത്തിയെടുക്കുന്നതിന് ജീവിതം അർപ്പിച്ചയാളാണ് ഈ കലാസംഘാടകൻ. രാജ്യത്ത് ആദ്യമായി രണ്ടാഴ്ച നീളുന്ന ചലച്ചിത്രമേള സംഘടിപ്പിച്ചത് അതിൽ പ്രധാനമായിരുന്നു. ആ 14 ദിന മേളയാണ് ഇന്ന് പെരുമയാർജിച്ച അന്താരാഷ്ട്ര കേരള ചലച്ചിത്രോത്സവത്തിനടക്കം പ്രചോദനമായതും. മലയാളിക്ക് ആമുഖം വേണ്ടതില്ലാത്ത അഭിനേത്രി സ്മിത പാട്ടീലിന്റേതു മാത്രമായ ചലച്ചിത്രമേളയുമായി ആദ്യ വനിതാ സിനിമാമേള നടത്തിയെന്ന ബഹുമതിയുംഅശ്വിനിക്കും വേണുവിനുമുണ്ട്. സത്യജിത് റായ്, ഋത്വിക് ഘട്ടക്, മൃണാൾസെൻ, മണികൗൾ തുടങ്ങി ഇന്ത്യൻ ചലച്ചിത്രകാരന്മാരുടെ സിനിമകളുടെ പ്രദർശനങ്ങൾ കേരളത്തിൽ വിപുലമായി സംഘടിപ്പിച്ചതും അശ്വിനിയുടെ ബാനറിലായിരുന്നു. ഫെല്ലീനിയും ഗൊദാർദും കുറസോവയും മുതൽ കിംകിംഡുക്വരെയുള്ള വിശ്വചലച്ചിത്രകാരന്മാരുടെ ചിത്രങ്ങൾ പരിചയപ്പെടുത്തിയുള്ള സിനിമാ മേളകൾ വേണുവിന്റെ ക്രെഡിറ്റിലുണ്ട്.
‘സിനിമ, വിശിഷ്യ സിനിമയെടുക്കാൻ ആഗ്രഹിച്ച് മദിരാശിയിൽ പോയി. രാമു കാര്യാട്ടിന്റെ അസിസ്റ്റന്റായി. ഇപ്പോൾ ഞാനെന്ന സിനിമയായി…’, ചെലവൂർ വേണു: ജീവിതം, കാലം ’ ഡോക്യുമെന്ററിയെക്കുറിച്ചുള്ള കഥാനായകന്റെ പ്രതികരണം ഇതാണ്. സാധാരണക്കാരനായ അസാധാരണ വ്യക്തിയെന്ന് മാധ്യമപ്രവർത്തകൻ ശശികുമാർ വേണുവിനെ നിരീക്ഷിച്ചിട്ടുണ്ട്. എസ് കെ പൊറ്റക്കാട്ട് ദേശവിദേശങ്ങൾ സഞ്ചരിച്ച് നമുക്ക് സാഹിത്യ സൗന്ദര്യാനുഭൂതി നൽകി, ബന്ധുവായ വേണു കോഴിക്കോട്ടിരുന്ന് ദേശ–-വിദേശ സനിമകളുടെ സൗന്ദര്യഹർഷവും–- എന്ന് അടൂർ നൽകിയ വിശേഷണത്തിലുണ്ട്.