കുന്നിക്കോട്
അർബുദരോഗിയായ മുത്തശ്ശിയെ കട്ടിളപ്പടിയിൽ തലയിടിപ്പിച്ചശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കോക്കാട് തെങ്ങറക്കാവ് വിജയ വിലാസത്തിൽ പൊന്നമ്മയെയാണ് (90) ചെറുമകൻ സുരേഷ് കുമാർ (ഉണ്ണി–-35) കൊലപ്പെടുത്തിയത്. സുരേഷ്കുമാറിനെ കുന്നിക്കോട് എസ്എച്ച്ഒ എം അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
പൊന്നമ്മയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയ്ക്ക് പിന്നിൽ ക്ഷതമേറ്റതായും കഴുത്തിലെ ബലപ്രയോഗത്തിൽ ശ്വാസം നഷ്ടപ്പെട്ടതായും കണ്ടെത്തി. തുടർന്ന് കസ്റ്റഡിയിൽ എടുത്ത ഉണ്ണി കുറ്റം സമ്മതിക്കുകയായിരുന്നു. ശനി രാവിലെയാണ് സംഭവം. ഉണ്ണി ആഹാരം കഴിക്കുമ്പോൾ അസഭ്യം പറഞ്ഞതിൽ പ്രകോപിതനായാണ് പൊന്നമ്മയെ കൊലപ്പെടുത്തിയത്. ഉണ്ണിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. എസ്ഐ ഫൈസൽ, എഎസ്ഐ ഷാനവാസ്, അംബിക, ബാബുരാജ്, ഗിരിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.















