പാലക്കാട്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് ഏറ്റെടുക്കാൻ അവസാനപട്ടികയിൽ ഇടം പിടിച്ചത് റിയൽ എസ്റ്റേറ്റ് കമ്പനികൾ. ഹൈദരാബാദ് ആസ്ഥാനമായ മേഘ ഇൻഡസ്ട്രീസ്, മുംബൈയിലെ കല്യാണി ഗ്രൂപ്പ്, റഷ്യൻ കമ്പനി എന്നിവയാണവ. ടെൻഡറിൽ 12 കമ്പനികളാണ് പങ്കെടുത്തത്. സൈന്യത്തിന് വാഹനങ്ങളും ഇന്ത്യക്ക് അകത്തും പുറത്തും മെട്രോകോച്ചും നിർമിക്കുന്ന പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ തന്ത്രപ്രധാന സ്ഥാപനം ഏറ്റെടുക്കുന്ന കമ്പനികൾക്ക് ഈ മേഖലയുമായി ബന്ധമില്ല.
ആസ്തി 50,000
കോടിയുടേത്; വിൽപ്പന 2,000 കോടിക്ക്
ബെമലിന്റെ 50,000 കോടിരൂപയുടെ ആസ്തിയാണ് 2,000 കോടിക്ക് വിൽക്കുന്നത്. സ്ഥാപനത്തിന്റെ 54 ശതമാനം കേന്ദ്രസർക്കാർ ഓഹരിയിൽ 26 ശതമാനം വിൽക്കാനും മാനേജ്മെന്റ് അധികാരം ഉൾപ്പെടെ കൈമാറാനുമാണ് ടെൻഡർ. ഭൂമിയും യന്ത്രസാമഗ്രികളും കെട്ടിടങ്ങളും കൈമാറും. കമ്പനിയുടെ ഓഹരി ഒന്നിന് 1,855 രൂപ പ്രകാരം 1.10 കോടി ഓഹരി 2,000 കോടി രൂപയ്ക്കാണ് വിൽപ്പന. കഴിഞ്ഞ വർഷം 203 കോടി രൂപ ലാഭവും 4,000 കോടി രൂപ വിറ്റുവരവും നേടി, 10,000 കോടി രൂപയുടെ ഓർഡറും സ്വന്തമാക്കിയ ബെമലിനെയാണ് വിൽക്കുന്നത്.രാജ്യത്തിന്റെ കണ്ണായ നഗരങ്ങളിൽ ബെമൽ ഉടമസ്ഥതയിലുള്ള 3,675 ഏക്കർ ഭൂമി ഇതോടെ കമ്പനികൾക്ക് സ്വന്തമാകും.
കമ്പനികളുടെ
പശ്ചാത്തലം
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ ഇൻഫ്രാസ്ട്രചർ ലിമിറ്റഡ് കെട്ടിടനിർമാണ, കുടിവെള്ള, ഗതാഗത, വൈദ്യുതി മേഖലകളിൽ പ്രവർത്തിക്കുന്നതാണ്. 18 വർഷം മുമ്പ് 10 എച്ച്പി മോട്ടോർ വിതരണം ചെയ്ത് തുടങ്ങിയ സ്ഥാപനമാണിത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിക്ക് സിഎസ്ആർ ഫണ്ട് നൽകുന്നുവെന്ന പരിഗണനയാണ് പട്ടികയിൽ എത്തിച്ചത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്യാണി ഗ്രൂപ്പ് ഓഫ് കമ്പനി 2010ൽ തുടങ്ങിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പാണ്. വ്യവസായ ആവശ്യങ്ങൾക്ക് പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങൾ നിമിച്ചുനൽകുക, ഇന്റീരിയൽ വർക്ക് ഏറ്റെറടുക്കുക, ഷോപ്പിങ് കോംപ്ലകസ്, ഫ്ളാറ്റുകൾ നിർമിച്ച് വാടയ്ക്കോ, വിലയ്ക്കോ നൽകുക തുടങ്ങിയവയാണ് പ്രവർത്തന മേഖല. ഈ രണ്ട് കമ്പനികൾക്കും വാഹനനിർമാണമോ, ഇരുമ്പുരുക്ക് വ്യവസായ പാരമ്പര്യമോ ഇല്ല.