ന്യൂഡൽഹി
എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയിലും സത്യസന്ധതയിലും ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസിന്റെ അഞ്ച് പാർലമെന്റ് അംഗങ്ങൾ തെരഞ്ഞെടുപ്പ് കമ്മിറ്റി തലവൻ മധുസൂദനൻ മിസ്ത്രിക്ക് കത്തെഴുതി. വോട്ടർമാരായ പിസിസി പ്രതിനിധികളുടെ പട്ടിക ലഭ്യമാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
നേരത്തേ ആവശ്യമുന്നയിച്ച ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോർദോലായ്, അബ്ദുൾ ഖലീക്ക് എന്നിവരാണ് സംയുക്തമായി കത്തെഴുതിയത്. സോണിയകുടുംബത്തിന്റെ വിശ്വസ്തനെ ഏകപക്ഷീയമായി എഐസിസി പ്രസിഡന്റായി അവരോധിക്കാനുള്ള നീക്കത്തിനെതിരായ ചെറുത്തുനിൽപ്പ് സംഘടിതമായി മാറുകയാണ്.
എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പാർടിയുടെ ആഭ്യന്തരകാര്യമാണെന്നും വോട്ടർപട്ടിക പരസ്യപ്പെടുത്തുന്നത് ദുരുപയോഗത്തിന് കാരണമാകുമെന്നും മിസ്ത്രി വാദിച്ചിരുന്നു. വോട്ടർപട്ടിക പൊതുമണ്ഡലത്തിൽ പ്രസിദ്ധീകരിച്ച കീഴ്വഴക്കമില്ലെന്നും മിസ്ത്രി അവകാശപ്പെട്ടു. എന്നാൽ, ആവശ്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അഞ്ച് എംപിമാർ ചൂണ്ടിക്കാട്ടി. ദുരുപയോഗം ചെയ്യാൻ ആഗ്രഹമുള്ളവർക്ക് അതിനു സഹായകമാകുംവിധം കോൺഗ്രസിന്റെ ഏതെങ്കിലും ആഭ്യന്തരരേഖ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയല്ല ചെയ്യുന്നത്. നാമനിർദേശപത്രിക സമർപ്പണം തുടങ്ങുംമുമ്പ് പിസിസികൾ തെരഞ്ഞെടുത്ത പ്രതിനിധികളുടെ പട്ടിക ലഭ്യമാക്കണം. ഇതു കിട്ടിയാലേ സ്ഥാനാർഥികളെ നാമനിർദേശം ചെയ്യാൻ അവകാശമുള്ളവർ ആരൊക്കെയാണെന്ന് വ്യക്തമാകൂ. പൊതുവായി പട്ടിക പരസ്യപ്പെടുത്താനാകില്ലെങ്കിൽ സ്ഥാനാർഥികളാകാൻ ആഗ്രഹിക്കുന്നവർക്കെങ്കിലും അത് ലഭ്യമാക്കണം. 28 പിസിസിയിലും ഒമ്പത് കേന്ദ്രഭരണപ്രദേശത്തും പോയി പ്രതിനിധികളുടെ പട്ടിക സംഘടിപ്പിക്കാൻ സ്ഥാനാർഥികൾക്ക് കഴിയില്ല. ഏകപക്ഷീയ നടപടികൾ തെരഞ്ഞെടുപ്പ് കമ്മിറ്റി ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
തരൂർ, മനീഷ് തിവാരി, കാർത്തി എന്നിവർ വോട്ടർപട്ടിക പരസ്യപ്പെടുത്തണമെന്ന് തുടർച്ചയായി ആവശ്യപ്പെടുകയാണ്. ബോർദലോയിയും ഖലീക്കും അസമിൽനിന്നുള്ള എംപിമാരാണ്.
പട്ടിക നൽകാമെന്ന്
മിസ്ത്രി
പരസ്യമായി ആവശ്യമുന്നയിച്ച അഞ്ച് കോൺഗ്രസ് എംപിമാർക്ക് വോട്ടർപട്ടിക ലഭ്യമാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി തലവൻ മധുസൂദനൻ മിസ്ത്രി. മിസ്ത്രിയുടെ മറുപടിയിൽ തൃപ്തനാണെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.















