ചെന്നൈ : കഴിഞ്ഞ ദിവസം ചെന്നൈയിലെ സിനിമാക്കാർക്കും , സിനിമാ പ്രേമികൾക്കും താരങ്ങൾ വിണ്ണിലേക്ക് ഇറങ്ങി വന്ന ഉത്സവ രാവായിരുന്നു. ആയിര കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ചെന്നൈ നെഹ്രു ഇൻഡോർ സ്റ്റേഡിയത്തിൽ മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ ശെൽവൻ്റെ ട്രെയിലർ- ഓഡിയോ ലോഞ്ചാണ് ഉത്സവ പ്രതീതിയുടെ ആഘോഷരാവൊരുക്കിയത്. സിനിമ പോലെ ഈ ചടങ്ങും ബ്രഹ്മാണ്ഡം തന്നെയായിരുന്നു. ചടങ്ങിൽ നിർമ്മാതാവ് ലൈക്കാ പ്രൊഡക്ഷൻസിൻ്റെ സാരഥി സുഭാസ്കരൻ, സംവിധായകൻ മണിരത്നം, സംഗീത സംവിധായകൻ ഏ. ആർ.റഹ്മാൻ, ഛായഗ്രാഹകൻ രവി വർമ്മൻ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിക്രം, കാർത്തി, ജയം രവി, റഹ്മാൻ, ശരത് കുമാർ, ജയറാം,പ്രഭു, വിക്രം പ്രഭു , പാർത്ഥിപൻ, നാസർ, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല, ജയചിത്ര എന്നിവരും മറ്റു അണിയറ പ്രവർത്തകരും പങ്കെടുത്തു. ചലച്ചിത്ര രംഗത്തെ പ്രമുഖരും വിശിഷ്ട അതിഥികളായി സംവിധായകൻ ഷങ്കർ, ലിങ്കുസാമി, ധരണി, ബാലാജി ശക്തിവേൽ, തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നിർമ്മാതാക്കളായ ഗോകുലം ഗോപാലൻ, ദിൽ രാജ്, നടിമാരായ ഐശ്വര്യ രാജേഷ്, അതിഥി റാവു ഹൈദ്രി തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു. ചിത്രത്തിലെ ആറു ഗാനങ്ങൾ എ.ആർ. റഹ്മാനും സംഘവും ലൈവ് ആയി അവതരിപ്പിച്ച് കാണികളുടെ മനം കവർന്നു.
വേദിയിൽ വെച്ച് ഇന്ത്യൻ സിനിമയുടെ ലെജൻഡുകളായ സൂപ്പർ സ്റ്റാർ രജനികാന്തും, ഉലക നായകൻ കമലഹാസനും ചേർന്ന് അഞ്ചു ഭാഷകളിലായി പുറത്തിറക്കിയ ട്രെയിലർ നിമിഷങ്ങൾ കൊണ്ട് കാണികളിൽ ആവേശമായി ആളി പടർന്ന് യുട്യൂബിൽ വൈറലായി. ഇതിൽ പൃഥ്വിരാജിൻ്റെ ശബ്ദ വിവരണത്തോടെ എത്തിയ മലയാളം ട്രെയിലർ യുട്യൂബിൽ പത്തു ലക്ഷം കാഴ്ചക്കാരെ നേടി തരംഗമായി ജൈത്ര യാത്ര തുടരുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിൻ സെൽവൻ്റെ വരവും കാത്ത് ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ.
തമിഴ് സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിൻ്റെ ചലചിത്ര ആവിഷ്കാരമായ പൊന്നിയിൻ സെൽവൻ രണ്ടു ഭാഗങ്ങളായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുാരൻ ജയ മോഹൻ തമിഴ് സംഭാഷണവും ശങ്കർ രാമകൃഷണൻ മലയാള സംഭാഷണവും രചിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദാണ് ഗാന രചയിതാവ്. മലയാളി അഭിനേതാക്കളായ ബാബു ആൻ്റണിയും, ലാലും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തും.
പൊന്നിയിൻ സെൽവൻ്റെ ഒന്നാം ഭാഗം പി എസ് -1 സെപ്റ്റംബർ 30 ന് ലോകമെമ്പാടും റീലീസ് ചെയ്യും. ശ്രീ ഗോകുലം മൂവിസാണ് ചിത്രം 250 ൽ പരം തിയ്യറ്ററുകളിൽ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. പി ആർ ഒ : സി കെ. അജയ് കുമാർ, (മെഡ്രാസ് ടാക്കീസ് – ലൈക്കാ പ്രൊഡക്ഷൻസ്)