തൃശൂർ> ശ്രീനാരായണ ഗുരുദേവൻ ഉയർത്തിപ്പിടിച്ച ആശയങ്ങളിൽ നിന്ന് കേരളം പിന്നോട്ട് പോകാത്തതുകൊണ്ടാണ് നമ്മുടെ നാട് ഭ്രാന്താലയമാകാതിരിക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. എസ്എൻഡിപി യോഗം തൃശൂർ യൂണിയന്റെയും കൂർക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലന യോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിൽ അനാചാരങ്ങൾക്കും ജാതിചിന്തകൾക്കുമെതിരെ ആത്മീയ ചെറുത്തുനിൽപ്പിന്റെ കേന്ദ്രബിന്ദു ഗുരുദേവനായിരുന്നു. തമിഴ്നാട്ടിലും നിരവധി സാമൂഹ്യപരിഷ്കർത്താക്കളുണ്ടായി. പക്ഷേ അവിടെ ഇപ്പോഴും ജാതിപരമായ വിവേചനം നിലനിൽക്കുകയാണ്. ഏത് മേഖലയിലായാലും കേരളം തന്നെയാണ് ഇന്ന് മുന്നിലുള്ളത്. അതിദരിദ്രരുടെ പട്ടികയെടുത്തപ്പോൾ കേരളത്തിന് അഭിമാനിക്കാവുന്ന നിലയിലായിരുന്നു. ശേഷിക്കുന്ന അതിദരിദ്രരെ കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടുവരാനുളള ശ്രമമാണ് നടക്കുന്നത്. അതിന് എസ്എൻഡിപി അടക്കമുള്ള പ്രസ്ഥാനങ്ങൾ മുന്നിട്ടിറങ്ങണം.
ദൈവത്തെ ഉപയോഗിച്ചായിരുന്നു കേരളത്തിൽ എക്കാലത്തും ചൂഷണങ്ങളുണ്ടായത്. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ അതേ നാണയം കൊണ്ടാണ് ഗുരു പ്രതിരോധം തീർത്തത്. ആത്മീയപ്പോരാട്ടമാണ് ഗുരു നടത്തിയത്. വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്ന് പറയുക മാത്രമല്ല, അത് നടപ്പാക്കുകയും ചെയ്തുവെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.
എസ്എൻഡിപി യോഗം അസി. സെക്രട്ടറി കെ വി സദാനന്ദൻ അധ്യക്ഷനായി. ഏഷ്യൻ യൂത്ത് ആൻഡ് ജൂനിയർ ഭാരോദ്വഹന മത്സരത്തിൽ ജൂനിയർ 81 കിലോ വിഭാഗത്തിൽ കന്നി മത്സരത്തിൽ വെങ്കലമെഡൽ നേടിയ ആദ്യമലയാളി ചേറൂർ സ്വദേശിനി അമൃത സുനിലിനെയും പഞ്ചഗുസ്തിയിൽ ദേശീയചാമ്പ്യനായ ആവണി അനിലിനെയും മന്ത്രി ആദരിച്ചു. എസ്എസ്എൽസി , പ്ലസ് ടു, സിബിഎസ്ഇ, ഐസിഎസ്ഇ എന്നീ പരിക്ഷയിൽ മുഴുവൻ വിഷയത്തിൽ എ പ്ലസും എ വണ്ണും നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അഡ്വ.സംഗീത വിശ്വനാഥൻ, കെ വി യദുകൃഷ്ണൻ, ഐ ജി പ്രസന്നൻ, ടി ആർ രഞ്ജു, കെ കെ മുകുന്ദൻ, സദാനന്ദൻ വാഴപ്പുള്ളി എന്നിവർ സംസാരിച്ചു.