കൊച്ചി> മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില് നാവിക പരിശീലന കേന്ദ്രത്തില് പൊലീസ് പരിശോധന. ഫോര്ട്ട് കൊച്ചിയിലെ ഐഎന്എസ് ദ്രോണാചാര്യയിൽ ബാലിസ്റ്റിക് വിദഗ്ദന്റെ സഹായത്തോടെയാണ് പരിശോധന .
സംഭവദിവസം നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്ക് ഹാജരാക്കാന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് തോക്കുകള് ഹാജരാക്കാനാണ് നിര്ദേശം. വെടിയുതിര്ത്തത് നാവിക സേന കേന്ദ്രത്തില് നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. വെടിയേറ്റ സ്ഥലം നാവിക സേന കേന്ദ്രത്തിലെ ഷൂട്ടിംഗ് റേഞ്ചിന് അഭിമുഖമായിട്ടാണെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച പന്ത്രണ്ടു മണിയോട് കൂടിയാണ് ആലപ്പുഴ അന്ധകാരനാഴി സ്വദേശി സെബാസ്റ്റ്യന് വെടിയേറ്റത്. ഫോര്ട്ടു കൊച്ചിയില് ഒന്നര കിലോമീറ്റര് മാറി കടലിലായിരുന്നു സംഭവം. നാവിക പരിശീലന കേന്ദ്രത്തില് നിന്നും ഉന്നം തെറ്റി വന്ന വെടിയുണ്ടയാണ് സെബാസ്റ്റ്യന്റെ ചെവിയില് കൊണ്ടതെന്ന് മത്സ്യത്തൊഴിലാളികള് ആരോപിച്ചിരുന്നു. എന്നാല് വെടിയുണ്ട പരിശോധിച്ചതായും ഇത്തരത്തിലുള്ളവ ഉപയോഗിക്കുന്നില്ലെന്നും നാവികസേനാ അധികൃതര് പറഞ്ഞു.
മീന്പിടുത്തം കഴിഞ്ഞ് ബോട്ടില് മടങ്ങവെയാണ് സെബാസ്റ്റ്യന് വെടിയേറ്റത്. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടില് നിന്നു തന്നെ വെടിയുണ്ട കണ്ടെടുത്തത്. സെബാസ്റ്റ്യന്റെ ചെവിയില് അഞ്ച് തുന്നലുണ്ട്.