ഒറ്റപ്പാലം> സിപിഐ എം വരോട് ലോക്കല്‍ സെക്രട്ടറി കെ അബ്ദുള്‍ നാസറിനുനേരെ ആക്രമണവും വധഭീഷണിയും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ ആര്‍എസ്എസുകാരനുമായ വരോട് ചേപ്പായി നിവാസില്‍ രാഹുലാണ് ആക്രമണവും വധഭീഷണിയും മുഴക്കിയത്.
ബുധന്‍ രാത്രി 9.30ന് വരോട് ജങ്ഷനിലെ ഹോട്ടലില്‍ ചായ കുടിക്കവേയാണ് നാസറിനെ ആക്രമിക്കാന്‍ വന്നത്. ഒപ്പമുണ്ടായിരുന്നവര്‍ തടഞ്ഞതിനാല്‍ വധഭീഷണി മുഴക്കിപ്പോയ പ്രതിയെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. ഹെല്‍മെറ്റുകൊണ്ട് അടിച്ചതിനും അസഭ്യം വിളിച്ചതിനുമാണ് കേസ്.
ഒറ്റപ്പാലം നഗരസഭാ സ്ഥിരംസമിതി ചെയര്മാന്കൂടിയാണ് കെ അബ്ദുള്‍ നാസര്‍. സിപിഐ എം നേതാക്കളായ കെ അബ്ദുള്‍ നാസര്‍, ടി ലത എന്നിവരുടെ വീട് ആക്രമിച്ച കേസിലെ പ്രതികൂടിയാണ് രാഹുല്‍. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ എം വരോട് ലോക്കല്‍ കമ്മിറ്റി പ്രകടനം നടത്തി. ഐ എം സതീശന് ഉദ്ഘാടനം ചെയ്തു. എ അക്ബര്‍ അലി അധ്യക്ഷനായി. കെ പി നൗഷാദലി, കെ സുരേഷ്കുമാര്‍, ടി ആര് ജയാനന്ദന്, എം എസ് കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.