തിരക്കുകൾക്കിടയിലും പാൽതു ജാൻവർ കാണാനെത്തി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം കാർണിവൽ തീയേറ്ററിലായിരുന്നു മന്ത്രി സിനിമ കാണാനെത്തിയത്. മുൻകൂട്ടി അറിയിപ്പൊന്നുമില്ലാതെ മന്ത്രിയുടെ അപ്രതീക്ഷിത വരവ് കാണികൾക്കും കൗതുകമായി. കുടിയാന്മല എന്ന ഗ്രാമത്തിലെഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ബേസിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്.
സിനിമ ഇഷ്ടപെട്ടെന്നും കേരളത്തിലെ എല്ലാ വെറ്റിനറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് മന്ത്രി പ്രതികരിച്ചു. സ്വന്തം മക്കൾക്ക് ഒരു അസുഖം വരുമ്പൊ എങ്ങനെയാണ് നമ്മളവരെ പരിപാലിക്കുന്നത് അത് പോലെ ജോണി ആന്റണിയുടെ കഥാപാത്രം തന്റെ പശുവിനോട് കാണിക്കുന്ന സ്നേഹം ഉള്ളിൽ തട്ടി എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രം തീയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്.