ന്യൂയോർക്ക്
ഡാനിൽ മെദ്-വെദെവിനെ പുറത്താക്കിയ നിക്ക് കിർഗിയോസും യുഎസ് ഓപ്പൺ ടെന്നീസിൽനിന്ന് മടങ്ങി. പരിക്ക് തളർത്തിയ ഓസ്ട്രേലിയക്കാരൻ റഷ്യയുടെ കാറെൻ ഖചനോവിനോട് തോറ്റാണ് പുറത്തായത്. കാസ്പെർ റുഡാണ് സെമിയിൽ ഖചനോവിന്റെ എതിരാളി.
മെദ്-വെദെവിനെ കടുത്ത പോരാട്ടത്തിൽ കീഴടക്കിയെത്തിയ കിർഗിയോസിന് ഖചനോവുമായുള്ള ക്വാർട്ടറിന്റെ ആദ്യ സെറ്റിൽത്തന്നെ പരിക്കേറ്റു. ആദ്യ സെറ്റിനുശേഷം ഇടതുകാലിന് മെഡിക്കൽ പരിശോധന വേണ്ടിവന്നു. എങ്കിലും മത്സരം അഞ്ച് സെറ്റ് നീണ്ടു (7–5, 4–6, 7–5, 6–7, 6–4). ഇരുപത്തേഴാംസീഡാണ് ഖചനോവ്.
അഞ്ചാംസീഡായ റുഡ് പതിമൂന്നാംസീഡ് ഇറ്റലിയുടെ മറ്റിയോ ബെറെട്ടിനിയെയാണ് ക്വാർട്ടറിൽ തോൽപ്പിച്ചത് (6–1, 6–4, 7–6). റുഡിന്റെ ആദ്യ യുഎസ് ഓപ്പൺ സെമിയാണിത്. മുന്നേറാൻ കഴിഞ്ഞാൽ ഒന്നാംറാങ്കിലേക്കെത്താനാകും നോർവേക്കാരന്.
വനിതകളിൽ അമേരിക്കക്കാരി കൊകൊ ഗഫിനെ മടക്കി ഫ്രാൻസിന്റെ കരോളിൻ ഗാർഷ്യ സെമിയിലേക്ക് കുതിച്ചു. നേരിട്ടുള്ള സെറ്റുകളിലായിരുന്നു ഗാർഷ്യയുടെ ജയം (6–3, 6–4). മറ്റൊരു ക്വാർട്ടറിൽ അഞ്ചാംസീഡ് ടുണീഷ്യയുടെ ഒൺസ് യബ്യൂർ ഓസ്ട്രേലിയയുടെ അജ്ല ടൊംല്യാനോവിച്ചിനെയാണ് കീഴടക്കിയത് (6–4, 7–6). മൂന്നാംറൗണ്ടിൽ സെറീന വില്യംസിനെ തോൽപ്പിച്ച താരമാണ് ടൊംല്യാനോവിച്ച്.