തിരുവനന്തപുരം
കയർമേഖലയിൽ ആനുകൂല്യങ്ങൾ കൃത്യമായി വിതരണംചെയ്തും ശമ്പള പരിഷ്കാരം നടപ്പാക്കിയും അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ അവസരമൊരുക്കി സംസ്ഥാന സർക്കാർ. കയർ തൊഴിലാളികൾക്കും സംഘങ്ങൾക്കുമായി ഇതുവരെ 32.5 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി പി രാജീവ് അറിയിച്ചു. ഇൻകം സപ്പോർട്ട് സ്കീമിൽ 12.5 കോടിയുടെ ധനസഹായം നൽകി. 25,676 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിച്ചു. 321 കയർ സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവായി മൂന്നുകോടി നൽകി. കയർഫെഡ് കയർ സംഭരിച്ചതിൽ നൽകാനുണ്ടായിരുന്ന 17.36 കോടിയിൽ 11 കോടിയും വിലയായി കയർ കോർപറേഷൻ നൽകാനുണ്ടായിരുന്ന 18 കോടിയിൽ ഏഴുകോടിയും നൽകി. വിപണി വികസിപ്പിക്കാൻ സഹായമായി രണ്ടുകോടി ചെലവഴിച്ചു.
ഉൽപ്പന്നങ്ങളുടെ സംഭരണവും വിൽപ്പനയും 200 കോടി കവിഞ്ഞു. 2016–-17ൽ 7800 ടണ്ണായിരുന്ന കയറുൽപ്പാദനം 2021–-22ൽ 29,000 ടണ്ണായി. തൊഴിലാളികളുടെ വാർഷികവരുമാനം 13,500 രൂപയായിരുന്നത് 49,000 രൂപയായി. ലാഭത്തിൽ പ്രവർത്തിച്ച സംഘങ്ങൾ നൂറിൽ താഴെയായിരുന്നത് 325 ആയി. ഫാക്ടറി തൊഴിലാളികളുടെ കൂലി വർധിപ്പിച്ച് വേതനഘടന പരിഷ്കരിച്ചു. അടിസ്ഥാനശമ്പളം പുരുഷന്മാർക്ക് 667 രൂപയും സ്ത്രീകൾക്ക് 533 രൂപയുമാക്കി. പ്രതിസന്ധി നേരിടുന്ന കയർ മേഖലയെ സംരക്ഷിക്കാൻ ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കുകയാണെന്നും മന്ത്രി അറിയിച്ചു.