തിരുവനന്തപുരം
മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും ബോധവൽക്കരിക്കാനും ‘യോദ്ധാവി’നൊപ്പം വിവിധ വകുപ്പുകളും കൈകോർക്കും. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സഹായത്തോടെ വിദ്യാർഥികളെ ലക്ഷ്യമിട്ട് പൊലീസ് പുതിയ പദ്ധതിക്ക് രൂപം നൽകി. സന്നദ്ധ സംഘടനകളും സാമൂഹിക പ്രവർത്തകരും പദ്ധതിയുടെ ഭാഗമാകും.
വിദ്യാലയങ്ങളിൽനിന്ന് തെരഞ്ഞെടുക്കുന്ന താൽപ്പര്യമുള്ള അധ്യാപകർക്ക് രണ്ടുദിവസം പരിശീലനം നൽകും. ‘യോദ്ധാവാ’യ അധ്യാപകരുടെ യോഗം മാസത്തിലൊരിക്കൽ ചേരും. നർകോട്ടിക് സെല്ലിന്റെ ചുമതലയുള്ള ഡിവൈഎസ്പി ആയിരിക്കും നോഡൽ ഓഫീസർ.ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകും. ആയിരം സ്കൂളിലെ ബോധവൽക്കരണത്തിന് 88,000 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സേവനം വിനിയോഗിക്കും. റസിഡന്റ്സ് അസോസിയേഷനുകളിൽ ആന്റി നർകോട്ടിക് ക്ലബ്ബുകൾ രൂപീകരിക്കും. ലഘു ചിത്രങ്ങളും വീഡിയോയും നിർമിക്കും. സൈക്കിൾ റാലി, വാക്കത്തൺ, മാരത്തൺ എന്നിവയ്ക്കൊപ്പം നാടകം, ഫ്ലാഷ്മോബ്, മാജിക് എന്നിവയും സംഘടിപ്പിക്കും.
വിവരങ്ങൾ അറിയിക്കാൻ ഹെൽപ്ലൈൻ നമ്പരുണ്ടാകും. വാഹനങ്ങളിലൂടെ മയക്കുമരുന്ന് കടത്തുന്നത് കണ്ടെത്താൻ പൊലീസ് നായ്ക്കളെ ഉപയോഗിക്കും. മയക്കുമരുന്ന് കേസിലുൾപ്പെടുന്നവരുടെ ഡാറ്റാബേസ് പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു.