ലണ്ടൻ
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റു. സ്കോട്ട്ലൻഡ് ബാൽമൊറൽ കൊട്ടാരത്തിൽ എത്തിയ ട്രസിനെ എലിസബത്ത് രാജ്ഞി പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള എലിസബത്തിന്റെ ക്ഷണം സ്വീകരിച്ച ലിസ് ട്രസ് ലണ്ടനിലേക്ക് മടങ്ങി. നേരത്തേ രാജ്ഞിയെ സന്ദർശിച്ച ബോറിസ് ജോൺസൺ പ്രധാനമന്ത്രിസ്ഥാനം ഔദ്യോഗികമായി രാജിവച്ചിരുന്നു.
ഇന്ധന പ്രതിസന്ധിയും വിലക്കയറ്റവും തൊഴിൽസമരങ്ങളും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് നാൽപ്പത്തേഴുകാരിയായ ലിസ് ട്രസ് ബ്രിട്ടനെ നയിക്കാനെത്തുന്നത്. രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. തെരഞ്ഞെടുപ്പിലെ എതിരാളികൂടിയായിരുന്ന മുൻ ധനമന്ത്രി ഋഷി സുനകിന്റെ നികുതി വർധന തീരുമാനം നടപ്പാക്കില്ലെന്ന് ഇവർ പ്രചാരണവേളയിലേ പ്രഖ്യാപിച്ചിരുന്നു. ഋഷി സുനക് ഉൾപ്പെടെയുള്ള പ്രമുഖർ ട്രസ് മന്ത്രിസഭയിൽ ഉണ്ടാകാനിടയില്ലെന്നാണ് റിപ്പോർട്ട്.
പ്രാഥമികഘട്ടത്തിൽ മത്സരത്തിനുണ്ടായിരുന്ന അറ്റോർണി ജനറൽ സുവെല്ല ബ്രേവർമാൻ മാത്രമാകും ഇന്ത്യൻ പശ്ചാത്തലത്തിൽനിന്നുള്ള ഏക മന്ത്രിസഭാംഗമെന്നാണ് കരുതപ്പെടുന്നത്. ഇവർ തിങ്കളാഴ്ച രാജിവച്ച പ്രീതി പട്ടേലിനു പകരം ആഭ്യന്തര സെക്രട്ടറിയാകാനാണ് സാധ്യത. ആദ്യമായാണ് നിലവിലെ രാജ്ഞി സ്കോട്ട്ലൻഡിലെ കൊട്ടാരത്തിൽവച്ച് പ്രധാനമന്ത്രിയെ നിയമിക്കുന്നത്. അനാരോഗ്യം കാരണം പൊതുചടങ്ങുകൾ വെട്ടിച്ചുരുക്കിയ രാജ്ഞി നിലവിൽ ഇവിടെയാണുള്ളത്.