തിരുവനന്തപുരം
രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന ഓണം വാരാഘോഷത്തിന് വർണാഭമായ തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തിലെ ആർത്തിരമ്പിയ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷത്തിന് തിരിതെളിച്ചു.
പ്രളയത്തിന്റെയും കോവിഡിന്റെയും നാളുകൾക്കുശേഷം ആഘോഷത്തിനുള്ള അവസരമാണ് ഈ ഓണക്കാലമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2018ൽ മഹാപ്രളയത്തെ നേരിടേണ്ടി വന്നു. 2019-ൽ കാലവർഷക്കെടുതി രൂക്ഷമായിരുന്നു. തുടർന്നുള്ള രണ്ടു വർഷങ്ങൾ കോവിഡ് രൂക്ഷമായി. കോവിഡ് ഭീതി പൂർണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും ആഘോഷ സാഹചര്യമൊരുങ്ങി. കാലാവസ്ഥാ വ്യതിയാനം ആശങ്ക സൃഷ്ടിക്കുന്നെങ്കിലും ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകട്ടെയെന്നും എല്ലാവർക്കും ഓണാശംസകൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. സിനിമാ താരങ്ങളായ ദുൽഖർ സൽമാനും അപർണ ബാലമുരളിയും മുഖ്യാതിഥികളായി. ഇരുവർക്കും മുഖ്യമന്ത്രി ഉപഹാരം കൈമാറി. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, എംപിമാരായ ശശിതരൂർ, എ എ റഹിം, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ഐ ബി സതീഷ്, വി കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, ഡോ. കെ എസ് റീന, കെ എസ് ശ്രീനിവാസൻ, പി ബി നൂഹ് എന്നിവരും പങ്കെടുത്തു.