ഹൈദരാബാദ്> ആന്ധ്രപ്രദേശിൽ ബലാത്സംഗ ശ്രമം എതിർത്ത പതിനാലുകാരിയുടെ വായിൽ യുവാവ് ബലമായി ആസിഡ് ഒഴിക്കുകയും കഴുത്തറുക്കുകയും ചെയ്തു. പെൺകുട്ടിയുടെ നില ഗുരുതരം. നെല്ലൂർ ചെമുഡുഗുണ്ടയിലെ നക്കാല ഗിരിജൻ കോളനിയിൽ തിങ്കൾ രാത്രിയാണ് സംഭവം. അച്ഛനമ്മമാർ ജോലിക്ക് പോയിരുന്നതിനാൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഈ സമയം പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.
രക്ഷാർഥം കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും പ്രതി വാതിൽ പൊളിച്ച് അകത്തുകടന്നു. ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത് എതിർത്തോടെ ടോയ്ലറ്റ് വൃത്തിയാക്കുന്ന ആസിഡ് പെൺകുട്ടിയുടെ വായിലേക്ക് ഒഴിച്ചു. അലറിവിളിച്ചതോടെ പ്രതി കൈയിൽ കരുതിയ കത്തിയുപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത് രക്ഷപ്പെട്ടു. രക്തത്തിൽ കുളിച്ചുകിടന്ന കുട്ടിയെ സമീപവാസികൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പ്രതി പെൺകുട്ടിയുടെ ബന്ധുവാണെന്ന് സംശയിക്കുന്നതായും ഉടനെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.