ന്യൂഡൽഹി> മാധ്യമപ്രവർത്തകനായ സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായും ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുമായും ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും ജാമ്യം അനുവദിക്കരുതെന്നും സുപ്രീംകോടതിയിൽ യുപി പൊലീസ്. കുറ്റപത്രം സമർപ്പിച്ചെങ്കിലും മൊത്തം തീവ്രവാദ സെല്ലിനെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. കാപ്പനെതിരെ സാക്ഷിമൊഴി നൽകിയ മാധ്യമപ്രവർത്തകൻ വി വി ബിനു അടക്കമുള്ളവർ ഭീഷണി നേരിടുകയാണ്. കാപ്പന് ജാമ്യം അനുവദിക്കുന്നത് ഭീഷണി നേരിടുന്ന സാക്ഷികൾക്ക് ദോഷം ചെയ്യും.
കാപ്പനൊപ്പം അറസ്റ്റുചെയ്യപ്പെട്ടവർ കലാപകേസുകളിൽ പ്രതികളാണ്. ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫിന്റെ നിർദേശപ്രകാരമാണ് ഇവർ ഹാഥ്രസിലേക്ക് പോയത്. ഹാഥ്രസ് ഇരയുടെ കുടുംബാംഗങ്ങളെ കാണാൻ പോയ പോപ്പുലർ ഫ്രണ്ട് പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടയാളാണ് കാപ്പൻ–- കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ പൊലീസ് അവകാശപ്പെട്ടു. കാപ്പന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും.