ന്യൂഡൽഹി> ഭരണഘടനാവിരുദ്ധമെന്ന് 2015 ൽ വിധിച്ചിട്ടും ഐടി നിയമത്തിന്റെ 66 എ വകുപ്പ് പ്രകാരം ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനെ വിമർശിച്ച് സുപ്രീംകോടതി. ഇത്തരത്തിൽ കേസുകളെടുത്തിട്ടുള്ള സംസ്ഥാനങ്ങളിലെ ചീഫ്സെക്രട്ടറിമാരുമായി ബന്ധപ്പെട്ട് എത്രയും വേഗം പരിഹാര നടപടികൾ നിർദേശിക്കാൻ ചീഫ്ജസ്റ്റിസ് യു യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും ഉൾപ്പെട്ട ബെഞ്ച് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങൾക്കും ഹൈക്കോടതികൾക്കും നോട്ടീസ് അയച്ച സുപ്രീംകോടതി കേസ് മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി. കോടതി ഭരണഘടനാവിരുദ്ധമെന്ന് വിധിച്ചിട്ടും 66എ പ്രകാരം ഇപ്പോഴും കേസുകളെടുക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു.















