ന്യൂഡല്ഹി> പ്രതിപക്ഷം ഒന്നിച്ച് നിന്നാല് ബിജെപിയെ പരാജയപ്പെടുത്താന് കഴിയുമെന്ന് ബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാര്. എകെജി ഭവനില് സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നിതീഷിന്റെ പ്രതികരണം.സിപിഐ എമ്മും ഇടത് പാര്ട്ടികളുമായുള്ള ബന്ധം പണ്ട് മുതലെ ഉള്ളതാണെന്നും നിതീഷ് പറഞ്ഞു.
ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കേണ്ടത് മതേതര ജനാധിപത്യ പാര്ട്ടികളുടെ ഉത്തരവാദിത്തമാണെന്നും ബിജെപി വിരുദ്ധ വോട്ടുകള് ഭിന്നിച്ചു പോകാതിരിക്കാനുള്ള ക്രമീകരണം ഉണ്ടാകണമെന്നും യെച്ചൂരി പറഞ്ഞു. മതേതര ജനാധിപത്യ പാര്ട്ടികളുടെ ഐക്യത്തിനാണ് പ്രാധാന്യം നല്കുന്നതെന്നും പ്രതിപക്ഷ പാര്ട്ടികളുടെ ഐക്യം അനിവാര്യമാണെന്നും യെച്ചൂരി പറഞ്ഞു.
പ്രതിപക്ഷ ഐക്യനീക്കത്തിനും 2024 ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്ഥിയെ നിശ്ചയിക്കാനുള്ള ചര്ച്ചകള്ക്കുമായാണ് നിതീഷ് കുമാര് ഡല്ഹിയില് എത്തിയത്. കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുമായി നിതീഷ് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ശരദ് പവര് അടക്കം മറ്റ് പ്രതിപക്ഷകക്ഷി നേതാക്കളെ മൂന്ന് ദിവസത്തെ സന്ദര്ശനത്തില് നിതീഷ് കുമാര് കാണും. ബിജെപി സഖ്യം ഉപേക്ഷിച്ച് വിശാല സഖ്യത്തിന്റെ ഭാഗമായി ബീഹാറില് വീണ്ടും സര്ക്കാര് രൂപീകരിച്ചതിന് ശേഷമുള്ള നിതീഷിന്റെ ആദ്യ ഡല്ഹി സന്ദര്ശനമാണ്.പ്രതിപക്ഷ പാര്ട്ടികള് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില് പര്യടനം നടത്തി പിന്തുണ ഉറപ്പിക്കാനും നിതീഷിന് പദ്ധതിയുണ്ട്.