കോഴിക്കോട്> കാലത്തിന്റെ ഇരുട്ടിനെ കീറിമുറിച്ച അക്ഷര വെളിച്ചത്തിലേക്ക് മിഴി തുറന്ന് ദേശാഭിമാനി പ്രദർശനത്തിന് തുടക്കമായി . ദേശാഭിമാനി എൺപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ‘80 വർഷത്തെ കേരളം, 80 വർഷത്തെ ദേശാഭിമാനി’ പ്രദർശനം കേരള ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിൽ ചരിത്രകാരൻ എം ആർ രാഘവവാര്യർ ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി വാരികയായി പ്രസിദ്ധീകരണം ആരംഭിച്ച 1942 മുതലുള്ള ചരിത്രമാണ് പ്രദർശനത്തിൽ. ഐക്യ കേരളപ്പിറവി, ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ, അടിയന്തരാവസ്ഥ പ്രഖ്യാപനം എന്നിങ്ങനെ ചരിത്ര നിമിഷങ്ങളെ പ്രദർശനം അടയാളപ്പെടുത്തുന്നു. ഇ എം എസ്, എ കെ ജി, നെഹ്റു, സുർജിത്, ജ്യോതി ബസു, ഇ കെ നായനാർ തുടങ്ങിയ ആദ്യകാല നേതാക്കളുടെ ശ്രദ്ധേയ നിമിഷങ്ങൾ ഒപ്പിയെടുത്ത ഫോട്ടോകളും പ്രദർശനത്തിലുണ്ട് ഉണ്ട്. 10 വരെയാണ് പ്രദർശനം.
ഉദ്ഘാടന ചടങ്ങിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനായി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി മോഹനൻ, ദേശാഭിമാനി യൂണിറ്റ് മാനേജർ ഒ പി സുരേഷ്, കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു. വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ സ്വാഗതം പറഞ്ഞു.