തിരുവനന്തപുരം
പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമായി എം ബി രാജേഷ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറിയായതോടെ എം വി ഗോവിന്ദൻ രാജിവച്ച ഒഴിവിലാണ് രാജേഷ് ചുമതലയേൽക്കുന്നത്. പകൽ 11ന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിസഭാംഗങ്ങളും എം വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ കക്ഷി നേതാക്കളും ചടങ്ങിനെത്തും.
സ്പീക്കറായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീറിനെ നിശ്ചയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തയാഴ്ച ആദ്യമുണ്ടാകും. ഇതിന് നിയമസഭാ സമ്മേളനം ചേരേണ്ടതുണ്ട്.