തിരുവനന്തപുരം
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ശശി തരൂരിനെതിരെ പടയൊരുക്കം. എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽതന്നെ രംഗത്തുവന്നതോടെ തരൂരിനെ നിയന്ത്രിക്കണമെന്ന് ഒരുവിഭാഗം ആവശ്യമുന്നയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ആർക്കും മത്സരിക്കാമെന്നും എന്നാൽ, അവരുടെ സംഭാവന എന്തെന്നുകൂടി പരിശോധിക്കണമെന്നുമാണ് വിവിധ മാധ്യമങ്ങളിൽ നൽകിയ അഭിമുഖങ്ങളിൽ വേണുഗോപാൽ പറഞ്ഞത്.
തരൂരിനെയും ജി 23ന്റെ മറ്റ് നേതാക്കളെയുമാണ് വേണുഗോപാൽ ഉന്നംവയ്ക്കുന്നത്. മത്സരിക്കാൻ വരുന്നവരും വിമർശിക്കുന്നവരും കണ്ണാടി നോക്കണം. സ്വയം ലക്ഷ്മണരേഖ വരച്ച് അതിൽ നിൽക്കാൻ തയ്യാറാകണമെന്നും വേണുഗോപാൽ പറഞ്ഞു. എംപി ഓഫീസിന്റെ പ്രവർത്തനംപോലും മര്യാദയ്ക്ക് നടക്കുന്നില്ലെന്നും പാർടിക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്നയാളാണ് തരൂരെന്നും കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു.